കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോ. വന്ദനയുടെ സംസ്‌കാരം ഇന്ന് നടക്കും. പൊതുദർശന ചടങ്ങുകൾക്ക് ശേഷം ഉച്ചക്ക് രണ്ടു മണിയോടെ വീട്ടുവളപ്പിലാണ് സംസ്‌കാരം നടക്കുക. മൃതദേഹം പോസ്‌റ്റുമോർട്ടത്തിന് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും രാത്രി എട്ടുമണിയോടെയാണ് ജൻമനാടായ കോട്ടയം കടുത്തുരുത്തി മുട്ടുചിറയിലെ വീട്ടിലെത്തിച്ചത്.
തങ്ങളുടെ പ്രിയപ്പെട്ട ഡോക്‌ടറെ അവസാനമായി ഒരുനോക്ക് കാണാൻ നൂറുകണക്കിന് ആളുകളാണ് വീട്ടിൽ തടിച്ചുകൂടിയത്. ഇന്ന് രാവിലെയും വീട്ടുമുറ്റത്തു തയ്യാറാക്കിയ പന്തലിൽ പൊതുദർശനത്തിന് സൗകര്യമൊരുക്കും. ഇന്നലെ വന്ദനയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് വന്ദന പഠിച്ച കൊല്ലം അസീസിയ മെഡിക്കൽ കോളേജിലും പൊതുദർശനത്തിന് വെച്ചിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും കോൺഗ്രസ് നേതാവ് വിഎം സുധീരനുമടക്കം നിരവധിയാളുകൾ ആശുപത്രിയിലെത്തി അന്തിമോപചാരം അർപ്പിച്ചു. അതേസമയം, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ കോട്ടയം മാഞ്ഞൂർ സ്വദേശിനി വന്ദനയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചു സംസ്‌ഥാന വ്യാപകമായി ഇന്നും പണിമുടക്ക് നടത്തുമെന്ന് ഐഎംഎ അറിയിച്ചിട്ടുണ്ട്. ജില്ലാ കേന്ദ്രങ്ങളിലേക്കും സെക്രട്ടറിയേറ്റിലേക്കും ഐഎംഎയുടെ നേതൃത്വത്തിൽ മാർച്ച് നടത്തും.
അതിനിടെ, രാവിലെ പത്തരയ്‌ക്ക് മുഖ്യമന്ത്രി ഡോക്‌ടർമാരുമായി ചർച്ച നടത്തും. വിഷയവുമായി ബന്ധപ്പെട്ട് ഡിജിപി ഇന്ന് ഹൈക്കോടതിയിൽ ഹാജരാകും. ഡോ. വന്ദന ദാസിന്റെ ദാരുണമായ കൊലപാതകത്തിന് ഇടയാക്കിയ സാഹചര്യമാണ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നത്. ജസ്‌റ്റിസ് ദേവൻ രാമചന്ദ്രനും കൗസർ എടപ്പഗത്തും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് രാവിലെ പത്തിന് പ്രത്യേക സിറ്റിങ് നടത്തുന്നത്.
സംസ്‌ഥാന പോലീസ് മേധാവിയോട് ഓൺലൈനായി ഹാജരായി വിശദീകരണം നൽകാൻ ഇന്നലെ കോടതി ആവശ്യപ്പെട്ടിരുന്നു. സംഭവം സംബന്ധിച്ച റിപ്പോർട്ടും നൽകണം. ഡോക്‌ടറുടെ മരണത്തിന് പോലീസിന് വീഴ്‌ച പറ്റിയെന്ന പ്രാഥമിക വിലയിരുത്തലിലാണ് കോടതി. സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ തുടർനടപടികൾ വേണമെന്നും നിർദ്ദേശിച്ചിരുന്നു. എന്നാൽ, സംഭവത്തിൽ പോലീസിന് വീഴ്‌ച ഉണ്ടായിട്ടില്ലെന്ന വിലയിരുത്തലിലാണ് പോലീസ്.
പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കുകയാണ് ചെയ്‌തതെന്നും, ഇയാളെ ആശുപത്രിയിൽ എത്തിക്കുന്നതുവരെ പ്രകോപനം ഇല്ലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. സന്ദീപ് മറ്റു കേസുകളിൽ പ്രതിയല്ല. പെട്ടെന്ന് ആക്രമണം ഉണ്ടായപ്പോൾ ഇടപെട്ട പോലീസുകാർക്കും കുത്തേറ്റു. അക്രമിയെ തടയുകയാണ് ചെയ്‌തതെന്ന് വ്യക്‌തമാക്കുന്ന റിപ്പോർട് പോലീസ് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും.
Most Read: കർണാടക ആർക്കൊപ്പം? എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത്