കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റ് വനിതാ ഡോക്‌ടർ മരിച്ച സംഭവത്തിൽ രണ്ടാം ദിവസവും രൂക്ഷവിമർശനവുമായി ഹൈക്കോടതി. സംവിധാനത്തിന്റെ പരാജയമാണ് ഉണ്ടായിരിക്കുന്നതെന്നും വിഷയത്തെ ന്യായീകരിക്കാനാവില്ലെന്നും കേസ് പരിഗണിക്കവെ കോടതി പറഞ്ഞു. സംസ്‌ഥാന പോലീസ് മേധാവി ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്‌ഥർ ഓൺലൈൻ ആയി കോടതിയിൽ ഹാജരായിരുന്നു.
പ്രൊസീജിയർ റൂമിൽ പ്രതിയെ കയറ്റിയ സമയത്ത് പോലീസ് എവിടെ ആയിരുന്നുവെന്ന് കോടതി ചോദിച്ചു. അതേസമയം, ഒരാഴ്‌ചക്കുള്ളിൽ ആശുപത്രികളിലെ സുരക്ഷക്കുള്ള പ്രോട്ടോക്കോൾ തയ്യാറാക്കുമെന്ന് പോലീസ് മേധാവി കോടതി സമക്ഷം ഉറപ്പ് നൽകി. യാഥാർഥ്യത്തെ വളച്ചൊടിക്കരുതെന്നും കോടതി ആഞ്ഞടിച്ചു. വസ്‌തുത വസ്‌തുതയായി പറയണമെന്നാണ് കോടതി പോലീസിനെ ഓർമിപ്പിക്കുന്നത്. പോലീസ് ഉദ്യോഗസ്‌ഥരെയല്ല സംവിധാനത്തെയാണ് വീഴ്‌ചയുടെ പേരിൽ കുറ്റപ്പെടുത്തുന്നതെന്നും കോടതി വ്യക്‌തമാക്കി.
ഡോക്‌ടർമാർ ഇന്നും സമരത്തിലല്ലേ എന്ന് കോടതി ചോദിച്ചു. എത്രയോ ആളുകളാണ് ചികിൽസക്കായി കാത്തുനിൽക്കുന്നത്. ഈ സമയത്ത് എന്തെങ്കിലും സംഭവിച്ചാൽ എന്ത് ചെയ്യും. ഇപ്പോഴത്തേത് സമരമല്ലെന്നും ഡോക്‌ടർമാരുടെ ഭയം കൊണ്ടാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഡോക്‌ടർമാരുടെ സമരം ഒന്നും നേടിയെടുക്കാനല്ല. ആളിക്കത്തിക്കാതിരിക്കാൻ സർക്കാർ ശ്രമിക്കണം. സംഭവം സംബന്ധിച്ച് എഡിജിപി റിപ്പോർട് സമർപ്പിച്ചു.
ഇതാണ് സ്‌ഥിതിയാണെങ്കിൽ പ്രതി മജിസ്‌ട്രേറ്റിന്റെ ആക്രമിക്കപ്പെടുന്ന കാലം വിദൂരമല്ലെന്നും കോടതി വ്യക്‌തമാക്കി. അലസമായി വിഷയത്തെ സർക്കാർ കാണരുത്. ഇപ്പോഴത്തേത് സിസ്‌റ്റമിക് ഫെയിലിയറാണ്. പോലീസിനെയല്ല കുറ്റം പറയുന്നത്. സംവിധാനത്തിന്റെ പരാജയമാണ്. ഇങ്ങനെയൊന്ന് കേട്ടിട്ടില്ലെന്ന് കോടതി പറഞ്ഞു. പ്രതിയുടെ പെരുമാറ്റത്തിൽ പ്രകടമായ വ്യത്യാസം ഉണ്ടായിരുന്നെന്ന് പോലീസ് തന്നെ പറയുന്നു. അങ്ങനെയെങ്കിൽ എന്തിനാണ് പോലീസുകാരുടെ കാവലില്ലാതെ ഡോക്‌ടറുടെ മുന്നിലേക്ക് സന്ദീപിനെ എത്തിച്ചതെന്നും കോടതി ചോദിച്ചു. സംവിധാനത്തിന്റെ പരാജയമാണിതെന്നും കോടതി വ്യക്‌തമാക്കി.
Most Read: ഡെൽഹിയിലെ ഉദ്യോഗസ്‌ഥ നിയന്ത്രണം ആർക്ക്? നിർണായക വിധി ഇന്ന്