പാലക്കാട് : വേനൽ രൂക്ഷമായതോടെ കാട്ടിൽ നിന്നും ഭക്ഷണവും വെള്ളവും തേടി കാട്ടാനകൾ നാട്ടിലിറങ്ങുന്നത് പതിവാകുന്നു. കാട്ടാനകൾ കൂട്ടത്തോടെ എത്തുന്നതിനാൽ അട്ടപ്പാടിയിൽ കൃഷിയും ജനവാസവും വന്യ മൃഗങ്ങളുടെ ഭീഷണിയിലായി. നിലവിൽ ചുരം മുതൽ മുള്ളി വരെയും ചിന്നപറമ്പ് മുതൽ ഷോളയൂർ വരടിമല വരെയുമുള്ള പ്രദേശങ്ങളിൽ പലയിടങ്ങളിലായി നിരവധി കാട്ടാനകളാണ് വിഹരിക്കുന്നത്.
പകൽ ആനകൾ മിക്കവയും വനാതിർത്തികളിൽ തങ്ങിയ ശേഷം, രാത്രിയോടെയാണ് പുഴകളിലും, കൃഷിയിടങ്ങളിലും ഇറങ്ങുന്നത്. വൈദ്യുതി വേലികൾ പോലും കടന്നാണ് ആനകൾ കൃഷിയിടങ്ങളിലേക്ക് പ്രവേശിക്കുന്നത്. കൂടാതെ കൽക്കണ്ടി ചിന്നപ്പറമ്പിലും പരിസരത്തുമായി കഴിഞ്ഞ ഒരാഴ്‌ചയായി ഒറ്റയാന്റെ ശല്യവും ഉണ്ടെന്ന് പ്രദേശവാസികൾ വ്യക്‌തമാക്കുന്നു.
ഇന്നലെ രാവിലെ ചെമ്മണ്ണൂർ ക്ഷേത്ര പരിസരത്ത് ഭവാനിപുഴയിൽ 11 ആനകളുടെ കൂട്ടമാണ് കാടിറങ്ങിയെത്തിയത്. പുഴയോരത്തെ വാഴയും കൃഷികളും നശിപ്പിച്ച ആനക്കൂട്ടത്തെ വനപാലകരും നാട്ടുകാരും ചേർന്ന് ഏറെ പ്രയാസപ്പെട്ടാണ് കാട് കയറ്റിയത്.
Read also : ‘ജനങ്ങൾ പരമാവധി വീട്ടിൽ തന്നെ കഴിയണം’; അഭ്യര്‍ഥിച്ച് കെജ്‌രിവാൾ






































