കാൽ വഴുതി കുളത്തിലേക്ക് വീണ 56കാരന് അയൽവാസിയുടെയും മകളുടെയും സമയോചിത ഇടപെടലിൽ പുനർജൻമം. തിരുവള്ളൂർ കൊട്ടേക്കാട്ട് അജയനെയാണ് അയൽവാസിയായ ചിത്രാ മധു കരയിലെത്തിച്ചത്. അജയന്റെ മകൾ അമൃതലക്ഷ്മി പ്രാഥമിക ചികിൽസ നൽകിയതോടെ രക്ഷപ്പെട്ടു.
വീട്ടിലെ ബയോഗ്യാസ് പ്ളാന്റിൽ മാലിന്യം നിറച്ച് പാത്രം കുളത്തിൽ കഴുകിയെടുക്കുന്നതിനായി വീടിനോട് ചേർന്ന് നാലുവശവും സംരക്ഷണ ഭിത്തിയും കൽപ്പടവുകളുമുള്ള കുളത്തിലേക്ക് ഇറങ്ങുന്നതിനിടെയാണ് അജയൻ കാൽ വഴുതി വീണത്. വെള്ളത്തിൽ മുങ്ങിപ്പോയ അജയൻ പ്രാണന് വേണ്ടി പിടയുകയായിരുന്നു.
ഈ സമയം അജയന്റെ അമ്മയുമായി അടുക്കളഭാഗത്ത് സംസാരിച്ചുനിന്ന അയൽവാസിയായ പോത്തേഴത്ത് ചിത്രാ മധു, അജയൻ കുളത്തിലേക്ക് ഇറങ്ങിപ്പോകുന്നത് ശ്രദ്ധിച്ചിരുന്നു. കുറച്ചുകഴിഞ്ഞിട്ടും അജയനെ കാണാതിരുന്നതിനെ തുടർന്ന് നോക്കിയപ്പോഴാണ് മുങ്ങിക്കിടക്കുന്നത് കണ്ടത്. ഉടനെ മറ്റൊന്നും ആലോചിക്കാതെ കുളത്തിലേക്ക് ചാടിയ ഇവർ അജയനെ കരയിലേക്ക് കയറ്റുകയായിരുന്നു.
അപ്പോഴേക്കും മകളും ഭാര്യ മഞ്ജുഷയും ഓടിയെത്തി. ഇവരുടെ കരച്ചിൽ കേട്ട് നാട്ടുകാരും ഓടിയെത്തി. ഫിസിയോതെറാപിസ്റ്റായ മകൾ അജയന് സിപിആർ നൽകി. തുടർന്ന് കൊടുങ്ങല്ലൂരിലെ മോഡേൺ ആശുപത്രിയിൽ എത്തിച്ചു. രണ്ടുമണിക്കൂറോളം കഴിഞ്ഞാണ് അജയന് ബോധം തിരിച്ചുകിട്ടിയത്. തിരുവള്ളൂരിൽ തുണിക്കട നടത്തുകയാണ് ചിത്രാ മധു.
Most Read| ‘തനിയെ നെന്നിനീങ്ങുന്ന കല്ലുകൾ’; ഡെത്ത് വാലിയിലെ നിഗൂഢമായ രഹസ്യം!








































