ദുബായ്: മെട്രോയിൽ യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). യാത്രക്കാർ ട്രെയിനിനുള്ളിൽ ഉറങ്ങുന്നതിനോ അല്ലെങ്കിൽ ഇരിക്കാൻ അനുമതിയില്ലാത്ത സ്‌ഥലങ്ങളിൽ ഇരിക്കുന്നതിനോ കനത്ത പിഴ ചുമത്തും.
മെട്രോ യാത്ര സുഗമമാക്കാനും മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു. മെട്രോ കമ്പാർട്ട്മെന്റുകൾക്ക് ഇടയിലുള്ള ഇന്റർസെക്ഷൻ പോലുള്ള സ്‌ഥലങ്ങളിൽ ഇരുന്ന് യാത്രക്കാർക്ക് വഴി തടസപ്പെടുത്തുന്ന പ്രവണത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ആർടിഎ പുതിയ നിർദ്ദേശങ്ങൾ നടപ്പിലാക്കിയത്.
യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതോ, സഞ്ചാരം തടസപ്പെടുത്തുന്നതോ, അല്ലെങ്കിൽ യാത്രക്കാർക്കായി അല്ലാത്ത സ്‌ഥലങ്ങളിൽ ഇരിക്കുന്നതോ ആയ പ്രവൃത്തികൾ കർശനമായി നിരോധിച്ചിരിക്കുന്നു. നിയമം ലംഘിക്കുന്നവർക്ക് 100 ദിർഹം മുതൽ പിഴ ചുമത്തും. മെട്രോയിൽ നിരോധിക്കപ്പെട്ട സ്‌ഥലങ്ങളിൽ ഉറങ്ങിയാൽ 300 ദിർഹമാണ് പിഴ.
പ്രധാന യാത്രാ നിർദ്ദേശങ്ങൾ
- വ്യക്‌തിഗത ഇടം മാനിക്കുക: മറ്റുള്ളവരുടെ സ്വകാര്യ ഇടം ഹാനിക്കരുത്.
- മുന്നോട്ട് നീങ്ങുക: കാബിനുകൾക്കുള്ളിൽ മുന്നോട്ട് നീങ്ങി നിൽക്കുക.
- പുറത്തിറങ്ങാൻ അനുവദിക്കുക: ട്രെയിനിൽ കയറുന്നതിന് മുൻപ് പുറത്തിറങ്ങാനുള്ളവർക്ക് വഴി കൊടുക്കുക.
- അനുമതിയില്ലാത്ത സ്‌ഥലങ്ങളിൽ ഇരിക്കരുത്: യാത്രക്കാർക്ക് അല്ലാത്ത സ്‌ഥലങ്ങളിലോ തറയിലോ ഇരിക്കുന്നത് ഒഴിവാക്കുക.
- സീറ്റിൽ കാൽ വയ്‌ക്കരുത്: സീറ്റുകളിൽ കാൽ വെച്ച് ഇരിക്കുന്നതും നിരോധിച്ചിട്ടുണ്ട്.
ദിവസേന ഏകദേശം ഒമ്പത് ലക്ഷം യാത്രക്കാരുള്ള ദുബായ് മെട്രോ മേഖലയിലെ ഏറ്റവും തിരക്കേറിയ ഗതാഗത സംവിധാനങ്ങളിൽ ഒന്നാണ്. സുരക്ഷിതത്വവും സൗകര്യവും ഉറപ്പാക്കാൻ എമിറേറ്റ്സിലെ എല്ലാ യാത്രക്കാരും ഈ നിയമങ്ങൾ പാലിക്കണമെന്ന് ആർടിഎ നിർദ്ദേശിച്ചു.
Most Read| യൂറോപ്പിലെ ഏറ്റവും ഉയരമേറിയ കൊടുമുടി; എൽബ്രസ് കീഴടക്കി തിരുവല്ലക്കാരി





































