ദുബായ്: കെട്ടിട നിർമാണ അനുമതിക്ക് ഏക ജാലക സംവിധാനം നടപ്പാക്കി ദുബായ് മുനിസിപ്പാലിറ്റി. ഏകീകൃത ഇലക്‌ട്രോണിക് സംവിധാനമാണിത്. കൺസൾട്ടൻസി ഓഫിസുകൾക്കും കരാർ കമ്പനികൾക്കുമുള്ള അനുമതിയും ഇങ്ങനെതന്നെ ആയിരിക്കും.
നടപടികൾ ലഘൂകരിച്ച് ഉപഭോക്‌തൃ സംതൃപ്‌തി വർധിപ്പിക്കുന്നതിനും വേഗം അനുമതി നൽകുന്നതിനുമാണ് പുതിയ രീതിയെന്ന് ദുബായ് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. വിവിധ ലൈസൻസിങ് ഏജൻസികളുമായുള്ള ഇടപാടുകൾക്ക് ഏക ഡിജിറ്റൽ തിരിച്ചറിയൽ സംവിധാനമാകും ഇനിയുണ്ടാകുക. അടുത്തിടെ തുടങ്ങിയ ദുബായ് ബിൽഡിങ് കോഡ് വഴിയാകും ഇനി ഇവയുമായെല്ലാം ബന്ധപ്പെടുക.
ദുബായ് മുനിസിപ്പാലിറ്റി, ദുബായ് ഡവലപ്മെന്റ് അതോറിറ്റി, ട്രക്കീസ്, ദുബായ് ഇന്റഗ്രേറ്റഡ് ഇക്കണോമിക് സോൺസ് അതോറിറ്റി, ദുബായ് ഇലക്‌ട്രോണിക് ക്വാളിഫിക്കേഷൻ സിസ്‌റ്റം തുടങ്ങിയവയുമായെല്ലാം ദുബായ് ബിൽഡിങ് കോഡ് വഴിയാകും ബന്ധപ്പെടുക. ബിൽഡിങ് ഇൻഫർമേഷൻ മോഡലിങ്, ജിഐഎസ്, ബ്ളൂപ്രിന്റുകളുടെ ഓട്ടമേറ്റഡ് ഓഡിറ്റിങ് തുടങ്ങിയവയെല്ലാം ഇതിലൂടെ ഏകോപിപ്പിച്ചിരിക്കുകയാണ്.
ലൈസൻസിങ് അധികൃതരുമായും വിവിധ സേവനദാതാക്കളുമായും ഏകജാലക സംവിധാനം ബന്ധപ്പെടുത്തി. സിവിൽ ഡിഫൻസ്, ആർടിഎ, ദീവ, ടെലികമ്യൂണിക്കേഷൻ തുടങ്ങിയവയെല്ലാം ഇങ്ങനെ ബന്ധപ്പിച്ചിരിക്കുകയാണ്. ഇതുവഴി സേവനങ്ങളും വളരെ വേഗത്തിൽ ലഭ്യമാക്കാൻ സാധിക്കുമെന്നും ഒരിടത്തു നിന്നു തന്നെ എല്ലാ സേവനങ്ങളും ഏകോപിപ്പിക്കാൻ കഴിയുമെന്നും മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.
Most Read: 22ആം വയസിൽ ഗിന്നസ് റെക്കോർഡ്; ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായയായി ‘പെബ്ബിൾസ്’






































