22ആം വയസിൽ ഗിന്നസ് റെക്കോർഡ്; ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായയായി ‘പെബ്ബിൾസ്‌’

By News Desk, Malabar News

പത്ത് മുതൽ പതിനഞ്ച് വർഷം വരെയാണ് പൊതുവേ നായകളുടെ ആയുസ്. എന്നാൽ, 22ആം വയസിൽ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ടോയ് ഫോക്‌സ് ടെറിയർ ഇനത്തിൽപെട്ട ‘പെബ്ബിൾസ്’ എന്ന മിടുക്കി. ലോകത്തിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന നായകളിൽ ഏറ്റവും പ്രായം കൂടിയ നായയാണ് പെബ്ബിൾസ്. 22 വർഷവും 59 ദിവസവുമാണ് പെബ്ബിൾസിന്റെ പ്രായം.

2000 മാർച്ച് 28ലായിരുന്നു പെബ്ബിൾസിന്റെ ജനനം. ഉടമകളായ ബോബിക്കും ജൂലി ഗ്രിഗറിക്കും ഒപ്പം അമേരിക്കയിലെ സൗത്ത് കരോലിനയിലാണ് താമസം. മുൻപ് ഏറ്റവും കൂടുതൽ പ്രായമുള്ള നായക്കുള്ള റെക്കോർഡ് സ്വന്തമാക്കിയ ടോബികീത്ത് എന്ന നായയുടെ വാർത്ത ശ്രദ്ധയിൽ പെട്ടപ്പോഴാണ് തങ്ങളുടെ പെബ്ബിൾസിന് അതിനേക്കാൾ പ്രായമുണ്ടല്ലോ എന്ന് ബോബിയും ജൂലിയും തിരിച്ചറിഞ്ഞത്. 21 വയസായിരുന്നു ടോബികീത്തിന്റെ പ്രായം.

ഇതേപറ്റി സുഹൃത്തുക്കളോട് സംസാരിച്ചപ്പോൾ പിന്തുണ ലഭിക്കുകയും ചെയ്‌തു. അങ്ങനെയാണ് ഗിന്നസ് റെക്കോർഡ് പെബ്ബിൾസിനെ തേടിയെത്തിയത്. ഒരു മുന്തിയ ഇനം നായയെ ദത്തെടുക്കണമെന്നായിരുന്നു തങ്ങളുടെ ആഗ്രഹം. തിരച്ചിലിനൊടുവിൽ കണ്ടെത്തിയതാകട്ടെ പെബ്ബിൾസിനെയും. ആദ്യ കാഴ്‌ചയിൽ തന്നെ അവൾ തങ്ങളുടെ ഹൃദയം കീഴടക്കിയെന്നും അന്ന് മുതൽ ജീവിതത്തിലെ ഉയർച്ചയിലും താഴ്‌ചയിലും പെബ്ബിൾസ് ഒപ്പമുണ്ടായിരുന്നു എന്നും ബോബി പറയുന്നു.

റോക്കി എന്ന് പേരുള്ള ഒരു നായ പെബ്ബിൾസിന് പങ്കാളിയായിട്ട് ഉണ്ടായിരുന്നു. 24 നായ്‌കുട്ടികളാണ് ഇരുവർക്കും ഉണ്ടായിരുന്നത്. നിർഭാഗ്യവശാൽ 2017ൽ റോക്കി മരിച്ചു. 17 വയസായിരുന്നു അവന്. റോക്കിയുടെ മരണത്തിന് ശേഷം പെബ്ബിൾസ് ഏറെ വിഷമത്തിലായിരുന്നു. കുറച്ച് നാളുകൾക്ക് ശേഷം അവൾ പഴയ ഉൻമേഷം വീണ്ടെടുത്തു.

പെബ്ബിൾസിന് ഇത്രയും പ്രായമായെന്ന് പലരും വിശ്വസിക്കാറില്ല. പ്രത്യേക ജീവിതചര്യകളാണ് പെബ്ബിൾസിന്റെ ആരോഗ്യത്തിന്റെ പ്രധാന ഘടകം. സ്‌നേഹവും ശ്രദ്ധയും നല്ല ഭക്ഷണവുമാണ് നായകളുടെ ആയുസ് കൂട്ടുന്നതെന്നും ബോബിയും ജൂലിയും പറയുന്നു. കുടുംബത്തിലെ അം​ഗത്തെ പോലെ പരിഗണിക്കണമെന്നും അവരുടെ ആരോഗ്യം പരിപാലിക്കുന്നതിനൊപ്പം സ്‌നേഹം നിറഞ്ഞ അന്തരീക്ഷം നൽകണമെന്നും അവർ ഓർമിപ്പിച്ചു.

Most Read: കുതിര സവാരിയിൽ ഞെട്ടിച്ച് നാല് വയസുകാരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE