പാലക്കാട്: ജില്ലയിലെ ഇ-ശ്രം രജിസ്‌ട്രേഷൻ ഡിസംബർ 31 നകം പൂർത്തിയാക്കണമെന്ന് ജില്ലാ കളക്‌ടർ മൃൺമയി ജോഷി വിവിധ വകുപ്പ് ഉദ്യോഗസ്‌ഥർക്ക് നിർദ്ദേശം നൽകി. ഇ-ശ്രം രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ജില്ലാ കളക്‌ടറുടെ ചേംബറിൽ നടന്ന അവലോകന യോഗത്തിലാണ് നിർദ്ദേശം. ജില്ലയിലെ നിലവിലുള്ള കണക്കുകൾ പ്രകാരം അസംഘടിത മേഖലയിലെ എട്ട് ലക്ഷം തൊഴിലാളികളെ ഇ-ശ്രം പോർട്ടലിൽ രജിസ്‌റ്റർ ചെയ്യിപ്പിക്കുകയാണ് ലക്ഷ്യം. നിലവിൽ മൂന്ന് ലക്ഷം തൊഴിലാളികൾ രജിസ്‌റ്റർ ചെയ്‌ത് കഴിഞ്ഞതായി ജില്ലാ ലേബർ ഓഫിസർ അറിയിച്ചു.
രജിസ്‌ട്രേഷൻ വേഗത്തിലാക്കുന്നതിനായി പഞ്ചായത്ത് തലത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കാനും ട്രേഡ് യൂണിയനുകൾ, ക്ഷേമനിധി ബോർഡുകൾ എന്നിവയുടെ സഹകരണം ഉറപ്പുവരുത്താനും യോഗത്തിൽ ജില്ലാ കളക്‌ടർ നിർദ്ദേശം നൽകി. ക്യാമ്പുകൾ മുഖേനയും നേരിട്ട് അക്ഷയ കേന്ദ്രങ്ങൾ വഴിയും രജിസ്‌റ്റർ ചെയ്യാവുന്നതാണ്. നിലവിലുള്ള കണക്ക് പ്രകാരം ജില്ലയിലെ തൊഴിലുറപ്പ് മേഖലയിൽ നിന്നുള്ള 1.35 ലക്ഷം തൊഴിലാളികളെ രജിസ്‌റ്റർ ചെയ്യിപ്പിക്കാനും ഊർജിത ശ്രമം നടത്തുന്നുണ്ട്.
നിലവിൽ 70,000 തൊഴിലുറപ്പ് തൊഴിലാളികളും രജിസ്‌ട്രേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ തൊഴിലാളികളെ രജിസ്‌റ്റർ ചെയ്യിപ്പിക്കുമെന്ന് തൊഴിലുറപ്പ് പദ്ധതി അധികൃതർ അറിയിച്ചു. ഇഎസ്‌ഐ, പിഎഫ് തുടങ്ങിയ ആനുകൂല്യങ്ങൾ ഇല്ലാത്ത എല്ലാ അസംഘടിത തൊഴിലാളികൾക്കും പോർട്ടലിൽ രജിസ്‌റ്റർ ചെയ്യാം. മൊബൈൽ നമ്പർ, ആധാർ കാർഡ് എന്നിവ ഉപയോഗിച്ചാണ് രജിസ്‌ട്രേഷൻ നടത്തുന്നത്. അക്ഷയ കേന്ദ്രങ്ങൾ, കോമൺ സർവീസ് സെന്റർ എന്നിവയുടെ സഹായത്തോടെയാണ് ക്യാമ്പുകളിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നത്.
Most Read: പെൺകുട്ടികളുടെ വിവാഹപ്രായം ഇനി 21; അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ







































