കൊച്ചി: 1000 കോടി രൂപയുടെ പോപ്പുലർ ഫിനാൻസ് തട്ടിപ്പുകേസിൽ കമ്പനിയുടെ കൂടുതൽ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി. 33.84 കോടി രൂപയുടെ സ്വത്തുക്കളാണ് ഇഡി പുതുതായി കണ്ടുകെട്ടിയത്. കള്ളപ്പണ കേസിൽ ആകെ 65 കോടി രൂപയുടെ സ്വത്തുക്കൾ ഇതുവരെ കണ്ടുകെട്ടി കഴിഞ്ഞു.
കേരളത്തിൽ 10 ഇടങ്ങളിൽ ഉള്ള ഭൂമിയും കെട്ടിടങ്ങളും, 11.5 കിലോഗ്രാം സ്വർണം, കമ്പനി ഉടമകളുടെയും പ്രമോട്ടർമാരുടെ പേരിൽ വിവിധ ബാങ്ക് അക്കൗണ്ടുകളിലുള്ള 3.79 കോടി രൂപ എന്നിവയടക്കം കണ്ടുകെട്ടിയിട്ടുണ്ട്. കേരള പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം പിന്നീട് ഇഡി ഏറ്റെടുക്കുകയായിരുന്നു.
മൂവായിരത്തോളം വരുന്ന നിക്ഷേപകരെ വഞ്ചിച്ചു പ്രതികൾ തട്ടിയെടുത്ത പണം കള്ളപ്പണമായി ബിനാമി ഇടപാടുകളിൽ അടക്കം നിക്ഷേപിച്ചുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ. കഴിഞ്ഞ ഓഗസ്റ്റ് 9ന് പോപ്പുലർ ഫിനാൻസ് കമ്പനി ഉടമ തോമസ് ഡാനിയേൽ, മകൾ റിനു മറിയം തോമസ് എന്നിവരെ ഇഡി അറസ്റ്റ് ചെയ്തിരുന്നു.
14 കോടി രൂപയുടെ സ്വർണം, 10 കാറുകൾ, കേരളത്തിലും തമിഴ്നാട്ടിലുമുള്ള ഭൂമി എന്നിവ അടക്കം നേരത്തേ കണ്ടുകെട്ടിയിരുന്നു. കമ്പനി ഉടമ തോമസ് ഡാനിയേൽ, മകൾ എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളാണ് സെപ്റ്റംബർ മാസത്തിൽ കണ്ടുകെട്ടിയത്.
Read Also: വിസി നിയമനം; ഹൈക്കോടതി നോട്ടീസ് സർക്കാരിന് കൈമാറും- ഗവർണർ








































