പമ്പ: ശബരിമല മേൽശാന്തിയായി ഇഡി. പ്രസാദിനെ തിരഞ്ഞെടുത്തു. ചാലക്കുടി സ്വദേശിയായ പ്രസാദ് ഏറന്നൂർ മനയിലെ അംഗമാണ്. നിലവിൽ ആറേശ്വരം ശ്രീധർമ ശാസ്‌താ ക്ഷേത്രത്തിലെ മേൽശാന്തിയാണ്. രാവിലെ എട്ടുമണിയോടെ സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലൂടെയാണ് മേൽശാന്തിയെ തിരഞ്ഞെടുത്തത്.
എംജി. മനു നമ്പൂതിരിപ്പാടാണ് മാളികപ്പുറം മേൽശാന്തി. കൊല്ലം മയ്യനാട് സ്വദേശിയാണ്. പന്തളം കൊട്ടാരത്തിലെ അംഗങ്ങളായ കശ്യപ് വർമ മേൽശാന്തിയെയും മൈഥിലി മാളികപ്പുറം മേൽശാന്തിയെയും നറുക്കെടുത്തു. 2011ലെ സുപ്രീം കോടതി ഉത്തരവ് പ്രകാരം റിട്ട. ജസ്‌റ്റിസ് തോമസിന്റെ അടിസ്‌ഥാനത്തിലാണ് പന്തളം കൊട്ടാരത്തിലെ കുട്ടികളെ ശബരിമല മേൽശാന്തി നറുക്കെടുപ്പിനായി നിയോഗിച്ചു വരുന്നത്.
തുലാമാസ പൂജകൾക്കായി ഇന്നലെ തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. സാധാരണ മാസപൂജയ്‌ക്കായി വൈകീട്ട് അഞ്ചിനാണ് നട തുറക്കുന്നതെങ്കിലും ദ്വാരപാലക ശിൽപ്പങ്ങളിൽ നവീകരിച്ച സ്വർണപ്പാളികൾ പുനഃസ്‌ഥാപിക്കുന്നതിനായി ഇക്കുറി നാലുമണിക്കേ തുറന്നു.
സെപ്‌തംബർ ഏഴിന് സന്നിധാനത്ത് നിന്ന് ചെന്നൈ സ്‍മാർട്ട് ക്രിയേഷൻസിൽ അറ്റകുറ്റപ്പണിക്കായി അഴിച്ചുകൊണ്ടുപോയ പാളികൾ 21നാണ് സന്നിധാനത്ത് തിരിച്ചെത്തിച്ചത്. അതേസമയം, ഇന്ന് മുതൽ 22 വരെ ദിവസവും ഉദയാസ്‌തമനപൂജ, കളഭാഭിഷേകം, പടിപൂജ എന്നിവ ഉണ്ടാകും. ചിത്തിര ആട്ടത്തിരുന്നാൾ പ്രമാണിച്ച് 21ന് വിശേഷാൽ പൂജകൾ ഉണ്ടാകും. 22ന് രാത്രി പത്തിന് നട അടയ്‌ക്കും.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ