കൊച്ചി: കിഫ്‌ബി മസാലബോണ്ട് ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് (ഇഡി) താൽക്കാലികാശ്വാസം. മുഖ്യമന്ത്രിക്ക് ഉൾപ്പടെ ഇഡി അയച്ച കാരണം കാണിക്കൽ നോട്ടീസിൽ തുടർനടപടികൾ സ്‌റ്റേ ചെയ്‌ത ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്‌റ്റേ ചെയ്‌തു.
കേസ് വീണ്ടും പരിഗണിക്കുന്ന ജനുവരി അഞ്ചുവരെയാണ് സ്‌റ്റേ. ഈ കാലയളവിൽ കിഫ്‌ബി വിഷയത്തിലുള്ള നിയമനടപടികളുമായി ഇഡിക്ക് മുന്നോട്ട് പോകാം. ജസ്‌റ്റിസുമാരായ സുശ്രുത് അരവിന്ദ് ധർമാധികാരി, പിവി ബാലകൃഷ്‌ണൻ എന്നിവരുടെ ബെഞ്ചാണ് ഹരജി സ്‌റ്റേ ചെയ്‌തത്.
മുഖ്യമന്ത്രിയെ കൂടാതെ മുൻ മന്ത്രി തോമസ് ഐസക്കിനും കിഫ്‌ബി സിഇഒ കെഎം അബ്രഹാമിനും അയച്ച നോട്ടീസുകളാണ് സിംഗിൾ ബെഞ്ച് സ്‌റ്റേ ചെയ്‌തിരുന്നത്. വിദേശത്ത് നിന്ന് മസാലബോണ്ട് വഴി സമാഹരിച്ച പണം ഭൂമി വാങ്ങാൻ ഉപയോഗിച്ചെന്ന് ആരോപിച്ചാണ് ഇഡി നോട്ടീസ് നൽകിയത്. ഇതാണ് സിംഗിൾ ബെഞ്ച് മൂന്നുമാസത്തേക്ക് സ്‌റ്റേ ചെയ്‌തത്.
ഇതിനെതിരെ ഇഡി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. ഫെമ നിയമലംഘനം ഉണ്ടായിട്ടില്ലെന്നും പരാതിയും ഇഡി സ്‌പെഷ്യൽ ഡയറക്‌ടറുടെ (അഡ്‌ജൂഡിക്കേഷൻ) കാരണം കാണിക്കൽ നോട്ടീസും റദ്ദാക്കണമെന്നുമായിരുന്നു കിഫ്ബിയുടെ ആവശ്യം. അടിസ്‌ഥാന സൗകര്യ വികസനത്തിനായി ഭൂമി ഏറ്റെടുത്തത് റിയൽ എസ്‌റ്റേറ്റ് പ്രവർത്തനമല്ലെന്നും കിഫ്‌ബി വാദിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്.
Most Read| കിഫ്‌ബി മസാലബോണ്ട് ഇടപാട്; ഇഡിക്ക് ആശ്വാസം, സിംഗിൾ ബെഞ്ച് ഉത്തരവിന് സ്‌റ്റേ







































