കാബൂള്‍: അഫ്ഗാനിലെ പെണ്‍കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് താലിബാന് നേതാക്കള്‍ക്ക് കത്തയച്ച് നൊബേല്‍ ജേതാവ് മലാല യൂസഫ്സായ്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച താലിബാന്റെ നടപടിയിലുള്ള പ്രതിഷേധവും മലാല കത്തിൽ അറിയിച്ചു.
മലാലയും അഫ്ഗാനിസ്ഥാനിലെ അവകാശ സംരക്ഷക പ്രവര്‍ത്തകരും ചേര്‍ന്നാണ് കത്തെഴുതിയിരിക്കുന്നത്. കത്തിനോടൊപ്പമുള്ള പരാതിയില്‍ 6,40,000 പേർ ഒപ്പുവെച്ചിട്ടിട്ടുണ്ട്.
രാജ്യത്തെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള നിരോധനം പിന്‍വലിക്കണമെന്നും സ്കൂളുകള്‍ ഉടൻ തുറക്കണമെന്നും മലാല കത്തില്‍ പറയുന്നു. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന ലോകത്തിലെ ഏക രാജ്യം അഫ്ഗാനിസ്ഥാനാണെന്നും മലാല ചൂണ്ടിക്കാട്ടി.
അഫ്ഗാനിസ്ഥാനിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വീണ്ടും തുറക്കാനും എല്ലാവർക്കും വിദ്യാഭ്യാസം ഉറപ്പുവരുത്താനും താലിബാനോട് രാജ്യത്തെ സ്ത്രീകളും അക്കാദമിക് വിദഗ്ധരും ആവശ്യപ്പെട്ടിരുന്നു. അഫ്ഗാനിലെ ഭരണം ഏറ്റെടുത്തതിന് പിന്നാലെ താലിബാൻ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്നു.
അഫ്ഗാൻ സ്ത്രീകൾക്ക് നൽകിയ എല്ലാ അവകാശങ്ങളും താലിബാൻ തകർത്തതായി ഐക്യരാഷ്ട്രസഭയും നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
Most Read: ബംഗ്ളാദേശിൽ പരക്കെ അക്രമം; 60ലധികം വീടുകൾ ആക്രമിക്കപ്പെട്ടു, 20ഓളം വീടുകൾ അഗ്നിക്കിരയാക്കി








































