കോഴിക്കോട്: എലത്തൂർ തീവെപ്പ് കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്‌ഥർ ഉന്നതതല യോഗം ചേരുന്നു. കോഴിക്കോട് പോലീസ് ക്യാമ്പിലാണ് യോഗം. യോഗത്തിൽ എഡിജിപി എംആർ അജിത്ത് കുമാർ, ഐജി എന്നിവർ പങ്കെടുക്കുന്നുണ്ട്. പ്രതിയുമായുള്ള തെളിവെടുപ്പ് ഉൾപ്പടെയുള്ള കാര്യങ്ങൾ സംബന്ധിച്ച് യോഗത്തിൽ തീരുമാനം എടുക്കും. അന്വേഷണ പുരോഗതിയും യോഗത്തിൽ വിലയിരുത്തും.
തീവെപ്പ് കേസുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള വിവരങ്ങൾ ചർച്ചയാകും. ഇന്ന് രാവിലെയും സമാനമായ രീതിയിൽ ഉദ്യോഗസ്‌ഥർ യോഗം ചേർന്നിരുന്നു. പ്രതിയായ ഷാരൂഖിനെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകാനായിരുന്നു ആദ്യഘട്ടത്തിൽ അന്വേഷണ സംഘം തീരുമാനിച്ചിരുന്നത്. എന്നാൽ, ഈ തീരുമാനം പിന്നീട് മാറ്റി. യോഗത്തിന് ശേഷം ഷാരൂഖിനെ തെളിവെടുപ്പിന് കൊണ്ടുപോകുന്നത് സംബന്ധിച്ച് തീരുമാനം എടുക്കും.
പ്രതിക്ക് മറ്റൊരാളുടെ സഹായം കിട്ടിയിട്ടുണ്ടെന്ന് പോലീസ് ഉറച്ചു വിശ്വസിക്കുകയാണ്. 2021 മുതലുള്ള പ്രതിയുടെ ജീവിതചര്യയും ബന്ധങ്ങളും മൊബൈൽ ഫോണും ഉൾപ്പടെയുള്ള കാര്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്. പ്രതിക്ക് അടുത്തിടെ നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധം ഉണ്ടോയെന്നും പോലീസ് പരിശോധിക്കുകയാണ്. ഷൊർണൂരിൽ പ്രാദേശിക സഹായം കിട്ടിയതിന് പിന്നിൽ ഈ സംഘടനയ്‌ക്ക് ബന്ധം ഉണ്ടോയെന്നാണ് അന്വേഷണം.
Most Read: കൊച്ചി കോർപറേഷന് 100 കോടി പിഴ; ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു







































