മലപ്പുറം: സ്വകാര്യ ബസിൽ വയോധികനെ ക്രൂരമായി മർദ്ദിച്ച് യുവാവ്. മലപ്പുറം താഴേക്കാട് സ്വദേശി ഹംസയെ ആണ് യുവാവ് മർദ്ദിച്ചത്. ഹംസയുടെ മൂക്ക് യുവാവ് ഇടിച്ചു തകർത്തു. മലപ്പുറം താഴേക്കോട് നിന്നും കരിങ്കല്ലത്താണിയിലേക്ക് വരുന്നതിനിടെയാണ് ആക്രമണം.
ഇന്നലെ വൈകീട്ട് നാലുമണിക്ക് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ബസിൽ വെച്ച് യുവാവ് ഹംസയുടെ കാലിൽ ചവിട്ടി. ഇതേതുടർന്ന് അൽപ്പം മാറി നിൽക്കാൻ ഹംസ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ യുവാവ് അസഭ്യവർഷം നടത്തി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ ഹംസയുടെ തലയ്ക്കും മൂക്കിനും പരിക്കേറ്റു.
മൂക്കിന്റെ എല്ലുപൊട്ടിയ ഹംസ ആശുപത്രിയിൽ ചികിൽസയിലാണ്. സംഭവത്തിൽ ഹംസയുടെ പരാതിയിൽ പെരിന്തൽമണ്ണ പോലീസ് കേസെടുത്തു. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ലെന്നും കണ്ടെത്താൻ ശ്രമിക്കുകയാണെന്നും പോലീസ് പറഞ്ഞു.
സ്കൂൾ വിട്ട സമയമായതിനാൽ തന്നെ ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. ബസിന്റെ പിൻ ഡോറിന് സമീപമാണ് യുവാവ് നിന്നിരുന്നത്. വയോധികനെ അസഭ്യം വിളിച്ചശേഷം പലതവണ മർദ്ദിച്ചു. പിന്നീട് കഴുത്തിന് പിടിച്ച് ബസിന് പുറത്തേക്ക് ഇറക്കി മർദ്ദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
Most Read| ഇതൊക്കെ സിമ്പിൾ… തിരുവസ്ത്രത്തിൽ സബീന കുതിച്ചത് സ്വർണ തിളക്കത്തിലേക്ക്






































