പട്‌ന: ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ വിലയിരുത്താനായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അടുത്തയാഴ്‌ച പട്‌നയിലെത്തും. തിരഞ്ഞെടുപ്പ് നവംബർ 5നും 15നും ഇടയ്‌ക്ക് മൂന്ന് ഘട്ടങ്ങളായി നടക്കുമെന്നാണ് സൂചന. ബിഹാറിൽ പ്രധാനപ്പെട്ട ഛഠ് പൂജ ഒക്‌ടോബർ 28ന് കഴിഞ്ഞ ശേഷമേ തിരഞ്ഞെടുപ്പ് നടക്കുകയുള്ളൂ.
ബിഹാറിലെ അന്തിമ വോട്ടർ പട്ടിക ഈ മാസം 30ന് പ്രസിദ്ധീകരിക്കും. 243 നിയമസഭാ മണ്ഡലങ്ങളാണ് സംസ്‌ഥാനത്തുള്ളത്. ഇക്കുറി എൻഡിഎയും ഇന്ത്യ സഖ്യവും തമ്മിലാണ് മൽസരം. ബിജെപി ജനതാദൾ (യുനൈറ്റഡ്), ലോക് ജൻശക്‌തി പാർട്ടി എന്നിവയുമാണ് എൻഡിഎ സഖ്യത്തിലുള്ളത്. ആർജെഡി നയിക്കുന്ന പ്രതിപക്ഷ സഖ്യത്തിൽ കോൺഗ്രസും ഇടതുപാർട്ടികളും ഉൾപ്പെടും.
ബിജെപി (80), ജെഡിയു (45), ആർജെഡി (77), കോൺഗ്രസ് (19) എന്നിങ്ങനെയാണ് നിലവിലെ കക്ഷി നില. 2020ലെ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളായാണ് നടന്നത്. ഒക്‌ടോബർ 28ന് ആദ്യഘട്ടം. നവംബർ മൂന്നിനും ഏഴിനും രണ്ടും മൂന്നും ഘട്ടം. നവംബർ പത്തിന് ഫലം പ്രഖ്യാപിക്കുകയും ചെയ്‌തു. 2015ലെ തിരഞ്ഞെടുപ്പ് അഞ്ച് ഘട്ടങ്ങളായാണ് നടന്നത്.
Most Read| പലസ്‌തീനെന്ന രാജ്യം ഉണ്ടാകില്ല, വെസ്‌റ്റ് ബാങ്ക് കുടിയേറ്റം തുടരും; നെതന്യാഹു