ന്യൂഡെൽഹി: കർണാടകയിലെ വോട്ടർപട്ടികയിൽ ക്രമക്കേട് ആരോപണങ്ങളിൽ സത്യവാങ്മൂലം സമർപ്പിക്കാൻ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. കർണാടകയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രാഹുലിന് ഇതുസംബന്ധിച്ച കത്ത് നൽകി.
വോട്ടർപട്ടികയിലെ ക്രമക്കേടുകളുടെ വിശദാംശങ്ങൾ സത്യവാങ്മൂലത്തിലൂടെ സമർപ്പിക്കാനാണ് നിർദ്ദേശം. ഇതിനായി സത്യവാങ്മൂലത്തിന്റെ മാതൃകയും രാഹുലിന് നൽകിയിട്ടുണ്ട്. ബിഎൻഎസ് സെക്ഷൻ 227 പ്രകാരം ‘തെറ്റായ തെളിവ്’ നൽകുന്നത് ശിക്ഷാർഹമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ബെംഗളൂരു സെൻട്രൽ ലോക്‌സഭാ സീറ്റിലെ മഹാദേവപുര മണ്ഡലത്തിൽ വൻതോതിലുള്ള വോട്ട് മോഷണം നടന്നെന്നായിരുന്നു രാഹുൽ ആരോപിച്ചത്. മഹാദേവപുര നിയമസഭാ മണ്ഡലത്തിലെ 6.5 ലക്ഷം വോട്ടുകളിൽ ഒരുലക്ഷത്തിലധികം വോട്ടുകൾ കൃത്രിമമായി രേഖപ്പെടുത്തിയതാണെന്നും ആ മണ്ഡലത്തിൽ ധാരാളം വ്യാജ വോട്ടർമാർ, അസാധുവായ വിലാസങ്ങളും കോൺഗ്രസ് റിസർച്ച് ടീം കണ്ടെത്തിയെന്നും രാഹുൽ ആരോപിച്ചിരുന്നു.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ബെംഗളൂരു സെൻട്രൽ ലോക്‌സഭാ മണ്ഡലത്തിലെയും അതിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിലെയും വോട്ടർമാരുടെ ഡാറ്റ തങ്ങൾ വിശകലനം ചെയ്‌തതായും രാഹുൽ ഗാന്ധി വെളിപ്പെടുത്തിയിരുന്നു.
Most Read| കടൽവെള്ളത്തിന് ഇളം ചുവപ്പ് നിറം! എന്തെന്ന് മനസിലാവാതെ എടക്കഴിയൂർ ഗ്രാമം