ന്യൂഡെൽഹി: കേരളത്തിലെ എസ്ഐആർ നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികളെ ശക്തമായി എതിർത്ത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാന സർക്കാരിന് തിരഞ്ഞെടുപ്പ് നടപടികളിൽ ഇടപെടാനാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ വ്യക്തമാക്കി. സർക്കാരിന്റെ ഹരജിയെ കമ്മീഷൻ എതിർത്തു.
ഏതെങ്കിലും തരത്തിൽ തടസമുണ്ടെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷനാണ് കോടതിയെ സമീപിക്കേണ്ടതെന്നും കമ്മീഷൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് വിഷയങ്ങൾ കമ്മീഷന്റെ മാത്രം അധികാര പരിധിയിൽ വരുന്നതിനാൽ, നിലവിൽ എസ്ഐആർ നടപടികളോ പ്രാദേശിക തിരഞ്ഞെടുപ്പ് ഒരുക്കങ്ങളോ പരസ്പരം തടസപ്പെടുത്തുന്നില്ലെന്നും ജില്ലാ കലക്ടർമാർ പൂർണ സഹകരണം നൽകുന്നുണ്ടെന്നും കമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചു.
അതിനാൽ, എസ്ഐആർ നടപടികൾ ഒരു കാരണവശാലും നീട്ടിവെക്കരുതെന്ന് കമ്മീഷൻ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നത് കാരണം എസ്ഐആർ നടപടികൾ നീട്ടിവയ്ക്കണം എന്നായിരുന്നു കേരള സർക്കാരിന്റെ ആവശ്യം. എസ്ഐആറും തദ്ദേശ തിരഞ്ഞെടുപ്പും ഒരേസമയം നടത്തിയാൽ ഭരണസംവിധാനം സ്തംഭിക്കുമെന്നും, ഭരണപ്രതിസന്ധി ഉണ്ടാകുമെന്നും സംസ്ഥാന സർക്കാരിനായി ചീഫ് സെക്രട്ടറി നൽകിയ റിട്ട് ഹരജിയിൽ ആവശ്യപ്പെട്ടു.
Most Read| കോഴിമുട്ടകളേക്കാൾ 160 ഇരട്ടി വലിപ്പം; ഭൂമിയിലെ ഏറ്റവും വലിയ പക്ഷിമുട്ട!








































