വാളയാർ: കേരള- തമിഴ്നാട് വനാതിർത്തി മേഖലയെ വിറപ്പിച്ച ഒറ്റയാന് റെയിൽവേ ട്രാക്ക് കുറുകെ കടക്കുന്നതിനിടെ ട്രെയിനിടിച്ചു ഗുരുതരമായി പരുക്കേറ്റു. ഒരു വർഷം മുൻപു നടുപ്പതി ആദിവാസി ഊരിൽ യുവാവിനെയും 6 മാസം മുൻപു പോത്തനൂരിൽ വനംവകുപ്പ് വാച്ചറെയും കുത്തിക്കൊന്ന കാട്ടുകൊമ്പനാണ് പരുക്കേറ്റത്.
30 വയസുള്ള കൊമ്പന്റെ നില അതീവ ഗുരുതമാണെന്നു തമിഴ്നാട് വനംവകുപ്പ് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. ആനയുടെ ഒരു കൊമ്പു പൊട്ടിയിട്ടുണ്ട്. ഇടുപ്പിനും പിൻകാലിനും തുമ്പിക്കൈക്കും മുഖത്തും പരുക്കുണ്ട്. ആന്തരാവയങ്ങൾക്കും പരുക്കേറ്റിട്ടുണ്ട്.
എട്ടിമടക്കും മധുക്കരൈക്കും ഇടയിലുള്ള ചാവടിപ്പുഴക്ക് സമീപമാണ് ആന അപകടത്തിൽപ്പെട്ടത്. വനമേഖലയിലൂടെ കടന്നുപോകുന്ന ബി ലൈൻ ട്രാക്കിൽ ഇന്നലെ പുലർച്ചെ ഒന്നരയോടെ തിരുവനന്തപുരം- ചെന്നൈ സൂപ്പർ ഫാസ്റ്റ് ട്രെയിനാണ് ഇടിച്ചത്. ട്രെയിൻ ഇടിച്ച ശേഷം ആനയെ 300 മീറ്റർ ദൂരം ട്രാക്കിലൂടെ വലിച്ചിഴച്ചു പോയിട്ടുണ്ട്.
‘ചുള്ളിക്കൊമ്പൻ’ എന്നാണ് ഈ ഒറ്റയാനെ വാച്ചർമാർ വിളിക്കുന്നത്. ആന കിടന്ന ഭാഗത്തു പന്തൽ കെട്ടി വൈകിട്ടോടെയാണു ചികിൽസ തുടങ്ങിയത്. രാത്രി പത്തരയോടെ ആനയെ ശിരുവാണി ബോളംപെട്ടിയിലെ ആന ചികിൽസാ കേന്ദ്രത്തിലേക്കു കൊണ്ടുപോയി.
ആനയെ ഇടിച്ചപ്പോൾ ട്രെയിൻ ട്രാക്കിൽ നിന്നു തെന്നിമാറാനുള്ള സാധ്യത ഉണ്ടായിരുന്നെങ്കിലും വേഗം കുറവായതിനാലും ലോക്കോ പൈലറ്റ് കൊച്ചി സ്വദേശി എൻഎസ് നായരുടെ സമയോചിത ഇടപെടലുമാണ് അപകടം ഒഴിവാക്കിയത്. കോയമ്പത്തൂർ ഡിഎഫ്ഒ എ വെങ്കിടേഷ്, ഡോ. എൻ മനോഹരൻ, എസിഎഫ് പി സെന്തിൽകുമാർ, കേരള വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി.
Read Also: തുഷാർ മൽസരിക്കില്ല; ബിഡിജെഎസ് അന്തിമ സ്ഥാനാർഥി പട്ടിക പുറത്തുവിട്ടു







































