വാഷിങ്ടൻ: യുഎസിൽ പുതിയ രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപിച്ച് ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്. ‘അമേരിക്ക പാർട്ടി’ എന്നാണ് പുതിയ രാഷ്‌ട്രീയ പാർട്ടിയുടെ പേര്. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപുമായുള്ള അഭിപ്രായ ഭിന്നത രൂക്ഷമായതിന് പിന്നാലെയാണ് മസ്‌കിന്റെ പുതിയ പാർട്ടി പ്രഖ്യാപനം. നിങ്ങളുടെ സ്വാതന്ത്രം തിരിച്ചുനൽകുന്നതിനാണ് പുതിയ പാർട്ടിയെന്ന് മസ്‌ക് എക്‌സിൽ കുറിച്ചു.
ട്രംപിന്റെ വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ സെനറ്റിൽ വൈസ് പ്രസിഡണ്ടിന്റെ കാസ്‌റ്റിങ് വോട്ടോടെ പാസായതിന് പിന്നാലെയാണ് ഇലോൺ മസ്‌ക് യുഎസ് രാഷ്‌ട്രീയത്തിൽ പുതിയ പാർട്ടി പ്രഖ്യാപിച്ചത്. ട്രംപിന്റെ ബിൽ സെനറ്റിൽ പാസാക്കിയാൽ, ഡെമോക്രാറ്റിക്- റിപ്പബ്ളിക്കൻ പാർട്ടികൾക്ക് പകരമായി താൻ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്നും, ബില്ലിന് അനുകൂലമായി വോട്ട് ചെയ്യുന്ന റിപ്പബ്ളിക്കൻ പാർട്ടി അംഗങ്ങളെ അടുത്ത തിരഞ്ഞെടുപ്പിൽ നിലം തൊടീക്കില്ലെന്നും മസ്‌ക് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.
കുടിയേറ്റവിരുദ്ധ നടപടികൾക്ക് വൻതുക ചിലവിടാൻ വ്യവസ്‌ഥ ചെയ്യുന്നതാണ് ബിൽ. ആരോഗ്യ, ഭക്ഷ്യസുരക്ഷാ രംഗങ്ങളിലെ വിഹിതം വെട്ടികുറയ്‌ക്കുകയും പ്രകൃതിസൗഹൃദ ഊർജ പദ്ധതികൾക്കുള്ള ഇളവുകൾ നിർത്തലാക്കുകയും ചെയ്യും. നേരത്തെ, ബില്ലിലെ നിർദ്ദേശങ്ങൾക്ക് എതിരെ മസ്‌ക് രംഗത്തെത്തിയിരുന്നു.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!