വാഷിങ്ടൻ: ജെഫ്രി എപ്‌സ്‌റ്റീൻ ബാലപീഡന പരമ്പരയുമായി ബന്ധപ്പെട്ട ഫയലുകളിൽ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പേരും ഉൾപ്പെട്ടിട്ടുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട് ഇട്ട എക്‌സ് പോസ്‌റ്റ് ഡിലീറ്റ് ചെയ്‌ത് ഇലോൺ മസ്‌ക്. ഇരുവരും തമ്മിലുള്ള വാക്‌പോര് സാമൂഹിക മാദ്ധ്യമങ്ങളിൽ തുടരുന്നതിനിടെയാണ് പോസ്‌റ്റ് മുക്കൽ.
വിവാദമായതോടെ മസ്‌ക് പോസ്‌റ്റ് പിൻവലിക്കുകയായിരുന്നു. അതേസമയം, ട്രംപുമായുള്ള സന്ധിസംഭാഷണത്തിന്റെ ഭാഗമായാണ് മസ്‌ക് തന്റെ പോസ്‌റ്റ് പിൻവലിച്ചതെന്നാണ് സൂചന. ”ശരിക്കും വലിയ ബോംബ് ഇടാനുള്ള സമയമായി. ജെഫ്രി എപ്‌സ്‌റ്റീൻ ഫയലുകളിൽ ഡൊണാൾഡ് ട്രംപിന്റെ പേര് ഉണ്ട്”- നീക്കം ചെയ്‌ത എക്‌സ് പോസ്‌റ്റിൽ മസ്‌ക് ആരോപിക്കുന്നു.
യുഎസ് നൈപുണ്യ വികസന വകുപ്പായ ഡോജിന്റെ (ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി) തലപ്പത്ത് നിന്ന് ഇലോൺ മസ്‌ക് കഴിഞ്ഞമാസമാണ് രാജിവെച്ചത്. ‘ബിഗ് ബ്യൂട്ടിഫുൾ ബിൽ’ എന്ന് ട്രംപ് വിശേഷിപ്പിച്ച പുതിയ ബിൽ വെറുപ്പുളവാക്കുന്ന മ്ളേച്‌ഛതയാണെന്നായിരുന്നു മസ്‌കിന്റെ വിമർശനം. ഇതിന് പിന്നാലെ, ഇലോൺ മസ്‌കിന്റെ കമ്പനികൾക്ക് യുഎസ് സർക്കാരിന്റെ കരാറുകളും സബ്‌സിഡികളും നൽകുന്നത് നിർത്തലാക്കുമെന്ന് ട്രംപ് തിരിച്ചടിച്ചിരുന്നു.
എന്നാൽ, ട്രംപിന്റെ പ്രസ്‌താവനയ്‌ക്ക് പിന്നാലെ ഡ്രാഗൺ പേടകം ഡീകമ്മീഷൻ ചെയ്യാനുള്ള നടപടികൾ സ്‌പേസ് എക്‌സ് ഉടൻ ആരംഭിക്കുമെന്ന് മസ്‌ക് പ്രതികരിച്ചു. എന്നാൽ, ഈ പ്രസ്‌താവനയിൽ നിന്ന് ഏതാനും മണിക്കൂറുകൾക്കകം മസ്‌ക് പിൻമാറിയിരുന്നു. ഏറ്റവും ഒടുവിലാണ് ജെഫ്രി എപ്‌സ്‌റ്റീൻ ഫയലുകളിൽ ട്രംപിന്റെ പേരുണ്ടെന്ന വെളിപ്പെടുത്തലുമായി മസ്‌ക് രംഗത്തെത്തിയത്.
ഉന്നത രാഷ്‌ട്രീയക്കാരുടെയും ബിസിനസുകാരുടെയും സെലിബ്രിറ്റികളുടെയും ലൈംഗികാവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്തവരെ കടത്തിയെന്ന കുറ്റം ചുമത്തപ്പെട്ട എപ്‌സ്‌റ്റീനെതിരായ അന്വേഷണ ഫയലിൽ ട്രംപിന്റെ പേര് ഉണ്ടെന്നാണ് മസ്‌ക് ആരോപിച്ചിരിക്കുന്നത്.
Most Read| മഹാരാഷ്‌ട്ര തിരഞ്ഞെടുപ്പിൽ ഒത്തുകളി നടന്നു; ആരോപണവുമായി രാഹുൽ ഗാന്ധി






































