ന്യൂഡെൽഹി: ചൈനയുമായുള്ള യഥാർഥ നിയന്ത്രണരേഖയ്ക്ക് (എൽഎസി) അടുത്ത് ഹൈവേയിൽ വിമാനമിറങ്ങി ചരിത്രം സൃഷ്ടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അസമിലെ ദിബ്രുഗഢിൽ, വടക്കുകിഴക്കൻ ഇന്ത്യയിലെ ആദ്യത്തെ എമർജൻസി ലാൻഡിങ് ഫെസിലിറ്റി (ഇഎൽഎഫ്) പ്രധാനമന്ത്രി ഉൽഘാടനം ചെയ്തു.
അസമിലെ ദിബ്രുഗഢ് ജില്ലയിലെ മൊറാനിൽ ദേശീയപാത 127ലായിരുന്നു പ്രധാനമന്ത്രിയെയും വഹിച്ച സി-130ജെ വിമാനം പറന്നിറങ്ങിയത്. എൽഎസിക്ക് 300 കിലോമീറ്റർ ഉള്ളിലാണ് ഈ ദേശീയപാത. അടിയന്തിര സാഹചര്യങ്ങളിൽ സൈനിക- സിവിലിയൻ വിമാനങ്ങൾക്ക് ലാൻഡ് ചെയ്യാനും പറന്നുയരാനും സാധ്യമാകുന്ന തരത്തിലാണ് ഹൈവേ വികസിപ്പിച്ചത്.
ഏകദേശം നൂറുകോടി രൂപയുടെ മുതൽമുടക്കിലാണ് ദേശീയപാതയിൽ ഈ എയർ സ്ട്രിപ്പ് തയ്യാറാക്കിയിട്ടുള്ളത്. ഇന്ത്യ-ചൈന അതിർത്തിക്ക് സമീപമുള്ള ഈ നിർണായക നിർമിതി, സൈനിക വിന്യാസത്തിനും സുരക്ഷയുമായി ബന്ധപ്പെട്ട അടിയന്തിര സൗകര്യങ്ങളുടെ കാര്യത്തിലും വലിയ പുരോഗതിക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രതിരോധ സജ്ജീകരണങ്ങൾ ശക്തിപ്പെടുത്താനും ദുരന്തനിവാരണം പോലുള്ള അടിയന്തിര സാഹചര്യങ്ങളിലും മറ്റും അതിവേഗം സൗകര്യങ്ങൾ വിന്യസിക്കാൻ ഇഎൽഎഫ് സഹായകമാകും. ചൈന, അതിർത്തിക്ക് അപ്പുറം അവരുടെ പ്രദേശത്ത് പ്രതിരോധ സംവിധാനങ്ങൾ സജീവമായി ശക്തിപ്പെടുത്തുകയാണ് എന്നാണ് റിപ്പോർട്ടുകൾ.
ഈ പശ്ചാത്തലത്തിൽ സൈനികവിന്യാസം അതിവേഗം സാധ്യമാക്കാൻ ഇഎൽഎഫ് ഇന്ത്യയെ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ചൈനീസ് വെല്ലുവിളിയെ ഫലപ്രദമായി പ്രതിരോധിക്കാൻ വടക്കുകിഴക്കൻ ഇന്ത്യയിൽ ഇഎൽഎഫ് പോലൊരു സംവിധാനം നിലവിൽ വരുന്നതോടെ ഇന്ത്യക്ക് കഴിയും. ചൈനീസ് ഭീഷണി ഉയരുന്നിടങ്ങളിലേക്ക് അതിവേഗം സൈനികരെ എത്തിക്കാനും സഹായിക്കും.
Most Read| പാമ്പുകൾക്ക് സ്വൈര്യവിഹാരം, വീടുകളിൽ കയറിയിറങ്ങും, ആർക്കും പേടിയില്ല!






































