എമ്പുരാൻ 100 കോടി ക്ളബിൽ; കേരളത്തിൽ വിവാദം പുകയുന്നു, സെൻസർ വിവരങ്ങൾ പുറത്ത്

സിനിമയ്‌ക്ക് രണ്ട്‌ കട്ടുകൾ മാത്രമാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) നിർദ്ദേശിച്ചത്. സിനിമയുടെ സെൻസറിങ്ങിൽ വീഴ്‌ച പറ്റിയതായി ബിജെപി കോർ കമ്മിറ്റി യോഗത്തിൽ വിമർശനം ഉയർന്നതിന് പിന്നാലെയാണ് സെൻസർ വിവരങ്ങൾ പുറത്തുവരുന്നത്.

By Senior Reporter, Malabar News
empuran movie
Ajwa Travels

തിരുവനന്തപുരം: പൃഥ്‌വിരാജ് സുകുമാരൻ-മോഹൻലാൽ ചിത്രം ‘എമ്പുരാൻ’ നിറഞ്ഞ സദസിൽ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചലച്ചിത്രാസ്വാദകരിൽ നിന്ന് ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതേസമയം, ചിത്രത്തിലെ പരോക്ഷ രാഷ്‌ട്രീയ പരാമർശങ്ങൾ കേരളത്തിൽ വലിയ രാഷ്‌ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

അതിനിടെ, ചിത്രത്തിന്റെ സെൻസർ വിവരങ്ങൾ പുറത്തുവന്നു. സിനിമയ്‌ക്ക് രണ്ട്‌ കട്ടുകൾ മാത്രമാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) നിർദ്ദേശിച്ചത്. സ്‌ത്രീകൾക്ക് എതിരായ അക്രമ ദൃശ്യത്തിന്റെ ദൈർഘ്യം ആറ് സെക്കൻഡ് കുറച്ചു. ദേശീയപതാകയെ കുറിച്ച് പരാമർശിക്കുന്ന നാല് സെക്കൻഡ് വെട്ടിമാറ്റിയെങ്കിലും പകരം നാല് സെക്കൻഡ് കൂട്ടിച്ചേർത്തിട്ടുണ്ട്.

179 മിനിറ്റ് 52 സെക്കൻഡിലാണ് സിനിമയുടെ ആകെ ദൈർഘ്യം. 16 പ്ളസ് കാറ്റഗറിയിലാണ് സിബിഎഫ്‌സി എമ്പുരാൻ സിനിമ സെൻസർ ചെയ്‌തിരിക്കുന്നത്‌. സിനിമയുടെ സെൻസറിങ്ങിൽ വീഴ്‌ച പറ്റിയതായി ബിജെപി കോർ കമ്മിറ്റി യോഗത്തിൽ വിമർശനം ഉയർന്നതിന് പിന്നാലെയാണ് സെൻസർ വിവരങ്ങൾ പുറത്തുവരുന്നത്.

സിനിമയിലെ ചില പരാമർശങ്ങൾ മാറ്റാൻ നോമിനേറ്റ് ചെയ്‌ത സെൻസർ ബോർഡ് അംഗങ്ങൾ ശ്രദ്ധിക്കണമെന്നായിരുന്നു ബിജെപി കോർ കമ്മിറ്റി യോഗത്തിലെ വിമർശനം. ആർഎസ്എസ് നേതാക്കളും എമ്പുരാനെതിരെ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. ചിത്രത്തിനെതിരെ പരസ്യ പ്രചാരണം വേണ്ടെന്നായിരുന്നു നേതൃത്വത്തിന്റെ നിർദ്ദേശം.

അതേസമയം, എമ്പുരാൻ സിനിമയ്‌ക്ക് അനുകൂലമായി സാമൂഹിക മാദ്ധ്യമങ്ങളിൽ പോസ്‌റ്റിട്ട സംസ്‌ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖറിനെയും സിനിമയെ സിനിമയായി കാണാൻ കഴിയണമെന്ന് പ്രതികരിച്ച എംടി രമേശിനെയും സാമൂഹിക മാദ്ധ്യമങ്ങളിൽ സംഘപരിവാർ ഗ്രൂപ്പുകൾ വിമർശിച്ചു.

സിനിമയ്‌ക്കെതിരെ പ്രചാരണമില്ലെന്നും നടക്കുന്നത് വ്യക്‌തിപരമായ അഭിപ്രായ പ്രകടനമാണെന്നും ബിജെപി കോർ കമ്മിറ്റി നിലപാട് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചതിന് പിന്നാലെയും ആർഎസ്എസിന്റെ ദക്ഷിണേന്ത്യാ വിശേഷാൽ സമ്പർക്ക പ്രമുഖ് എ ജയകുമാർ സിനിമയ്‌ക്കെതിരെ സാമൂഹിക മദ്ധ്യമത്തിൽ കുറിപ്പിട്ടു.

Empuran

വിവാദം കത്തിക്കയറുന്നുണ്ടെങ്കിലും, എമ്പുരാൻ നൂറുകോടി ക്ളബിൽ കയറി. ലോകത്താകമാനം റിലീസ് ചെയ്‌ത്‌ 48 മണിക്കൂറിനുള്ളിലാണ് എമ്പുരാൻ ഈ നേട്ടം കൈവരിച്ചത്. സിനിമയിലെ ചരിത്രത്തിലെ പുതിയ നേട്ടമാണിതെന്ന് മോഹൻലാലും പൃഥ്‌വിരാജും മറ്റു അണിയറപ്രവർത്തകരും പറഞ്ഞു. ലൂസിഫർ, പുലിമുരുകൻ, മരയ്‌ക്കാർ അറബിക്കടലിന്റെ സിംഹം, ഒടിയൻ എന്നീ സിനിമകൾ ഇതിന് മുൻപ് 100 കോടി ക്ളബിൽ കയറിയ മോഹൻലാൽ ഹിറ്റുകളായിരുന്നു.

മാർച്ച് 27ന് രാവിലെ ആറുമണിമുതലാണ് എമ്പുരാന്റെ പ്രദർശനം ആരംഭിച്ചത്. വിവാദങ്ങൾക്കിടയിലും വിജയകരമായി പ്രദർശനം തുടരുകയാണ്. ആശിർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്‌കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

പൃഥ്വരാജിന്റെ വൻ വിജയം നേടിയ സംവിധാന അരങ്ങേറ്റ ചിത്രമായ 2019ൽ റിലീസ് ചെയ്‌ത ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് എമ്പുരാൻ എത്തുന്നത്. മുരളി ഗോപിയാണ് തിരക്കഥ. മൂന്ന് ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ബുറേഷി- അബ്രോം/ സ്‌റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ വലിയ താരനിരയാണുള്ളത്.

പൃഥ്‌വിരാജ്, മഞ്‌ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ, സച്ചിൻ ഖേദേക്കർ, മനോജ് കെ ജയൻ, ബോബി സിംഹ, സുരാജ് വെഞ്ഞാറമൂട്, ബൈജു, സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യൂ സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, മണിക്കുട്ടൻ തുടങ്ങി പ്രമുഖ താരനിര സിനിമയുടെ ഭാഗമാണ്. മലയാളത്തിന് പുറമെ തമിഴ, തെലുങ്ക്, കാനഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും.

Most Read| രാജ്യത്തെ 44 കോടിയിലധികം പേർ അമിതഭാരക്കാരാകും- പഠനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE