കാസർഗോഡ്: ജില്ലയിൽ അവശേഷിക്കുന്ന എൻഡോസൾഫാൻ നിർവീര്യമാക്കുന്നതിൽ പ്രതിഷേധിച്ച് ജനകീയ കൂട്ടായ്‌മ രംഗത്ത്. ബാക്കിയുള്ള എൻഡോസൾഫാൻ നിർമാണ കമ്പനിക്ക് തന്നെ തിരിച്ച് കൊടുക്കണമെന്നും ജില്ലയിൽ നിർവീര്യമാക്കരുതെന്നും ആവശ്യപ്പെട്ടാണ് ജനകീയ കൂട്ടായ്‌മ രംഗത്തെത്തിയത്. ജില്ലയിലെ വിവിധ ഇടങ്ങളിലായി സൂക്ഷിച്ച 1,438 ലിറ്റർ എൻഡോസൾഫാനാണ് നിർവീര്യമാക്കുന്നത്. കേരള-കാർഷിക സർവകലാശാലയാണ് നിർവീര്യമാക്കൽ പ്രക്രിയക്കുള്ള സാങ്കേതിക സഹായം നൽകുന്നത്.
പെരിയയിലെ പ്ളാന്റേഷൻ കോർപറേഷന്റെ ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്ന എൻഡോസൾഫാനാണ് ആദ്യം നിർവീര്യമാക്കുക. പെരിയയിൽ 914 ലിറ്ററും രാജപുരത്ത് 450 ലിറ്ററും ചീമേനിയിൽ 73 ലിറ്ററുമാണ് അവശേഷിക്കുന്നത്. ഇത് പ്രത്യേക ടാങ്കിലാക്കി നിർവീര്യമാക്കുകയാണ് ചെയ്യുന്നത്. ഇതിനായി പ്ളാന്റേഷൻ കോർപറേഷന്റെ സ്‌ഥലത്ത് പ്രത്യേക ടാങ്ക് നിർമാണം പുരോഗമിക്കുകയാണ്. മൂന്ന് ഗോഡൗണുകളിൽ ഉള്ള എൻഡോസൾഫാൻ നിർവീര്യമാക്കാൻ 40 ലക്ഷത്തോളം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.
ഭൂമിക്കടിയിൽ കല്ലും സിമന്റും പ്ളാസ്‌റ്റിക്ക് ഷീറ്റും ഉപയോഗിച്ചാണ് ടാങ്ക് നിർമിക്കുന്നത്. വിവിധ രാസ പ്രവർത്തനങ്ങൾക്ക് ശേഷമായിരിക്കും ലായനി ടാങ്കിലേക്ക് മാറ്റുക. 15 ദിവസത്തിനകം എൻഡോസൾഫാൻ ലായനിയിൽ നിന്ന് കീടനാശിനിയുടെ അംശമെല്ലാം നഷ്‌ടമായി വെള്ളത്തിന് തുല്യമായി മാറുമെന്നാണ് ശാസ്‌ത്രജ്‌ഞർ പറയുന്നത്. അതേസമയം, എൻഡോസൾഫാൻ ജില്ലയ്‌ക്ക് പുറത്തേക്ക് കൊണ്ടുപോകണമെന്നും അതല്ലെങ്കിൽ നിർമാണ കമ്പനിക്ക് തന്നെ തിരിച്ച് കൊടുക്കണമെന്നുമുള്ള ആവശ്യം ശക്‌തമായിട്ടുണ്ട്.
Most Read: വിഴിഞ്ഞം പുലിമുട്ട് നിർമാണം വൈകിയത് തിരിച്ചടിയായി; മന്ത്രി







































