പുണെ: പ്രമുഖ പരിസ്‌ഥിതി ശാസ്‌ത്രജ്‌ഞൻ പ്രൊഫ.മാധവ് ഗാഡ്‌ഗിൽ അന്തരിച്ചു. 83 വയസായിരുന്നു. ബുധനാഴ്‌ച രാത്രി പുണെയിലെ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ആയിരുന്നു അന്ത്യം. മകൻ സിദ്ധാർഥ ഗാഡ്‌ഗിലാണ് മരണവിവരം പുറത്തുവിട്ടത്. സംസ്‌കാരം ഇന്ന് വൈകീട്ട് നാലിന് പുണെയിലെ നവി പേഠിലുള്ള വൈകുണ്‌ഠ് ശ്‌മശാനത്തിൽ നടക്കും.
ഇന്ത്യയിലെ ജനകീയ പരിസ്‌ഥിതി പ്രസ്‌ഥാനങ്ങൾക്ക് രൂപം നൽകുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്‌തിയാണ് മാധവ് ഗാഡ്‌ഗിൽ. പശ്‌ചിമഘട്ടത്തിലെ പരിസ്‌ഥിതിയെ കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച പശ്‌ചിമഘട്ട പരിസ്‌ഥിതി വിദഗ്‌ധ സമിതിയുടെ അധ്യക്ഷനായിരുന്നു. ഗാഡ്‌ഗിൽ കമ്മിറ്റി എന്ന പേരിൽ അറിയപ്പെട്ട സംഘം 2011ലാണ് റിപ്പോർട് സമർപ്പിച്ചത്.
പശ്‌ചിമഘട്ടത്തിലെ 129,037 ചതുരശ്ര കി.മീ വിസ്‌തൃതിയുടെ മുക്കാൽ ഭാഗവും പരിസ്‌ഥിതി ലോലമായി പ്രഖ്യാപിക്കണമെന്ന ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട് കേരളമടക്കമുള്ള സംസ്‌ഥാനങ്ങളിൽ ഏറെ വിവാദമായിരുന്നു. ഭീഷണി നേരിടുന്ന പശ്‌ചിമഘട്ടത്തെ മൂന്ന് മേഖലകളായി തിരിച്ച് പരിഹാര നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ച റിപ്പോർട്, ചില മേഖലകളിൽ ഖനനവും നിർമാണവും പാറ പൊട്ടിക്കലും മണ്ണെടുക്കലും ഉൾപ്പടെ നിരോധിക്കാൻ നിർദ്ദേശിച്ചിരുന്നു.
എന്നാൽ, റിപ്പോർട്ടിലെ ശുപാർശകൾ ഇതുവരെ പൂർണമായി നടപടിക്കിയിട്ടില്ല. പരിസ്‌ഥിതി മേഖലയിലെ പ്രവർത്തനങ്ങൾക്ക് ഐക്യരാഷ്‌ട്ര സംഘടന (യുഎൻ) നൽകുന്ന പരമോന്നത ബഹുമതിയായ ‘ചാംപ്യൻസ് ഓഫ് ദി എർത്ത്’ പുരസ്‌കാരം 2024ൽ ലഭിച്ചു. 1981ൽ പത്‌മശ്രീയും 2006ൽ പത്‌മഭൂഷണും നൽകി രാജ്യം ആദരിച്ചിരുന്നു.
1942ൽ പുണെയിൽ ജനിച്ച മാധവ് ഗാഡ്‌ഗിൽ പുണെയിലെ ഫെർഗൂസൻ കോളേജ്, ബോംബൈ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ഹാർവഡ് യുവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിന്നാണ് ഉന്നതവിദ്യാഭ്യാസം നേടിയത്. ഡോ. സുലോചന ഗാഡ്‌ഗിലാണ് ഭാര്യ. മാദ്ധ്യമ പ്രവർത്തകയും സ്‌പാനിഷ് അധ്യാപികയുമായ ഗൗരി ഗാഡ്‌ഗിൽ മകളാണ്.
ജൈവവൈവിധ്യത്തെയും സംസ്‌കാരത്തെയും ഒരുപോലെ സ്‌നേഹിച്ച ഗാഡ്‌ഗിലിന്റെ വിയോഗം ഇന്ത്യയുടെ പരിസ്‌ഥിതി പോരാട്ടങ്ങൾക്ക് നികത്താനാവാത്ത നഷ്‌ടമാണ്. ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ടിന് തുടക്കത്തിൽ കേരളത്തിൽ ഏറെ എതിർപ്പുകൾ നേരിട്ടെങ്കിലും 2018ലെ പ്രളയത്തിനും പ്രകൃതിക്ഷോഭങ്ങൾക്കും ശേഷം സ്വീകാര്യത ലഭിച്ചു.
വയനാട്ടിൽ 2004ലുണ്ടായ ഉരുൾപൊട്ടൽ ദുരന്തം ക്വാറികളുടെ നിരന്തര പ്രവർത്തനവും പാറപൊട്ടിക്കലും കാരണമെന്നാണ് മാധവ് ഗാഡ്‌ഗിൽ പറഞ്ഞത്. കേരളത്തിലെ പരിസ്‌ഥിതിലോല പ്രദേശങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ നിയന്ത്രിച്ചല്ലെങ്കിൽ ഇനിയും അപകടങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പും മാധവ് ഗാഡ്‌ഗിൽ നൽകിയിരുന്നു.
Most Read| ചുഴലിക്കാറ്റിൽ കാണാതായി; 443 ദിവസങ്ങൾക്ക് ശേഷം ഉടമയ്‌ക്കരികിൽ ഗാബി








































