ന്യൂഡെൽഹി: മുഖ്യമന്ത്രി പിണറായി വിജയനുമായി ഡെൽഹിയിൽ കൂടിക്കാഴ്‌ച നടത്തി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ. ഡെൽഹി കേരള ഹൗസിലായിരുന്നു 15 മിനിറ്റോളം നീണ്ടുനിന്ന കൂടിക്കാഴ്‌ച. ഇടതുമുന്നണി കൺവീനർ സ്‌ഥാനത്ത് നിന്ന് മാറ്റിയ ശേഷം പാർട്ടി നേതാക്കളുമായി അകൽച്ചയിലാണ് ജയരാജൻ. ഇതിനിടെയാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്‌ച എന്നതാണ് ശ്രദ്ധേയം.
മുഖ്യമന്ത്രിയോട് പറഞ്ഞത് മാദ്ധ്യമങ്ങളോട് പറയാനാകില്ലെന്ന് ജയരാജൻ പ്രതികരിച്ചു. മാദ്ധ്യമങ്ങളെല്ലാം കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. രാഷ്‌ട്രീയമെല്ലാം അതിന്റെ വേദിയിൽ ചർച്ച ചെയ്യും. യെച്ചൂരിയെപ്പറ്റി ചോദിക്കൂ അത് പറയാം. തെറ്റായുള്ള വ്യാഖ്യാനം വേണ്ട. ഞാൻ മുഖ്യമന്ത്രിയെ കാണാറും സംസാരിക്കാറുമുണ്ട്. തിരുവനന്തപുരത്ത് ഉള്ളപ്പോൾ സമയം കിട്ടുമ്പോൾ അദ്ദേഹത്തിന്റെ വീട്ടിൽ പോകാറുണ്ട്. ഞങ്ങളെല്ലാം പാർട്ടി കുടുംബത്തിലെ അംഗങ്ങളാണ്. സ്‌നേഹവും ബഹുമാനവും ഉള്ളവരാണെന്നും ജയരാജൻ പറഞ്ഞു.
കൂടിക്കാഴ്‌ചയെ കുറിച്ച് കൂടുതൽ സംസാരിക്കാൻ ജയരാജൻ തയ്യാറായില്ല. മുന്നണി കൺവീനർ സ്‌ഥാനത്ത് നിന്നും ഒഴിവാക്കിയ ശേഷം പാർട്ടി കമ്മിറ്റികളിൽ ജയരാജൻ പങ്കെടുത്തിരുന്നില്ല. ചടയൻ ഗോവിന്ദൻ അനുസ്‌മരണത്തിൽ നിന്നും ജയരാജൻ വിട്ടുനിന്നു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അന്തിമോപചാരം അർപ്പിക്കാനാണ് മുഖ്യമന്ത്രിയും ഇപിയും ഇന്നലെ ഡെൽഹിയിലെത്തിയത്.
Most Read| അജിത് കുമാറിനെതിരായ അന്വേഷണം; കൂടുതൽ പേരുടെ മൊഴിയെടുക്കും