കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് ഈശ്വർ മൽപെ. ഇന്ന് ഉച്ചയോടെയാണ് ഈശ്വർ മൽപെ കണ്ണാടിക്കലിലെ അർജുന്റെ വീട്ടിലെത്തിയത്. തിരച്ചിലിൽ നേരിട്ട പ്രതിസന്ധികൾ ഈശ്വർ മൽപെ അർജുന്റെ കുടുംബങ്ങളോട് പങ്കുവെച്ചു.
തിരച്ചിൽ നടത്തുമ്പോൾ വലിയ പ്രതിസന്ധികൾ നേരിടേണ്ടി വന്നു. അനുമതി നേടുന്നതിനാണ് ഏറ്റവും വലിയ പ്രതിസന്ധി നേരിട്ടത്. ഒരു ദിവസം വെള്ളത്തിൽ ഇറങ്ങാൻ അനുവദിച്ചാൽ അടുത്ത രണ്ടുദിവസം അനുമതി നിഷേധിക്കും. മണ്ണിടിച്ചിലിൽപ്പെട്ട എട്ടുപേരുടെ മൃതദേഹം കിട്ടി. മൂന്നുപേരെ ഇനിയും കിട്ടാനുണ്ട്. അർജുന്റെ വണ്ടിയുടെ ജാക്കിയും കയറും കണ്ടെടുക്കാനായി. കയറ് കിട്ടിയ സ്ഥലത്ത് ഒരുപാട് മണ്ണ് നീക്കം ചെയ്യാനുണ്ട്.
ഡ്രജിങ് മെഷീൻ കൊണ്ടുവന്ന് മണ്ണ് നീക്കണം. അഞ്ചു ദിവസമെങ്കിലും ഡ്രജിങ് നടത്തേണ്ടി വരും. 30 അടിയിൽ മണ്ണ് അടിഞ്ഞിട്ടുണ്ട്. ഡ്രജർ എത്തിക്കാനുള്ള ഫണ്ട് ഇല്ലാത്ത രീതിയിലാണ് കർണാടക സർക്കാരിന്റെ നിലപാട്. കേരള സർക്കാരും വിഷയത്തിൽ ഇടപെടണം.
അർജുന്റെ മൃതദേഹമെങ്കിലും വീട്ടിൽ എത്തിക്കുമെന്ന് അമ്മയ്ക്ക് വാക്ക് നൽകിയിരുന്നു. ഞങ്ങളുടെ സംഘത്തിൽ പത്ത് പേരുണ്ട്. അർജുനെ കണ്ടെത്തുക എന്നത് ഞങ്ങൾ പ്രതിജ്ഞയാക്കി എടുത്തിരിക്കുകയാണെന്നും ഈശ്വർ മൽപെ പറഞ്ഞു.
കഴിഞ്ഞ മാസം 16നാണ് അർജുനും തടി കയറ്റിവന്ന ലോറിയും മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായത്. ആദ്യഘട്ടത്തിൽ മന്ദഗതിയിലായിരുന്ന തിരച്ചിൽ കേരളത്തിന്റെ ഇടപെടലിനെ തുടർന്നാണ് ദ്രുതഗതിയിലായത്.
Most Read| ‘ഏറെ ദൂരം സഞ്ചരിച്ചു, ഞങ്ങളുടെ പോരാട്ടം ശരിയായ ദിശയിൽ’; ഡബ്ളൂസിസി







































