തിരുവനന്തപുരം: നടിയുടെ ലൈംഗികപീഡന പരാതിയിൽ നടനും എംഎൽഎയുമായ മുകേഷിന്റെ വീട്ടിൽ അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ്. കൊച്ചി മരടിലെ വീട്ടിലാണ് തെളിവെടുപ്പ്. മുകേഷിനെതിരെ ലൈംഗികാതിക്രമം ഉന്നയിച്ച പരാതിക്കാരിയെ വീട്ടിലെത്തിച്ചാണ് പോലീസ് തെളിവെടുപ്പ് നടത്തുന്നത്.
അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടും വീടിന്റെ താക്കോൽ മുകേഷ് നേരത്തെ കൈമാറിയിരുന്നില്ല. ഇതോടെ ഇന്നലെ വൈകിട്ട് വീട്ടിൽ എത്തിയെങ്കിലും പരിശോധന നടത്താനാകാതെ അന്വേഷണ സംഘം മടങ്ങിയിരുന്നു. അതിനിടെ, മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്.
എന്നാൽ, മുകേഷ് തൽക്കാലം രാജിവെക്കേണ്ടെന്ന നിലപാടിലാണ് സിപിഎം. കോടതിയിലെത്തിയത് കേസ് തന്നെ ഇല്ലാതാകാനുള്ള സാധ്യത അടക്കം സിപിഎം മുന്നിൽ കാണുന്നുണ്ട്. പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും ബ്ളാക്ക് മെയിലിങ്ങിന്റെ ഭാഗമാണെന്നുമാണ് മുകേഷിന്റെ വിശദീകരണം. തനിക്കെതിരെ ഉയർന്ന ആരോപണം ശരിയല്ലെന്നും പരാതിക്കാരി തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് മുകേഷ് മുഖ്യമന്ത്രിയോട് പറഞ്ഞത്.
നടി അയച്ച വാട്സ് ആപ് സന്ദേശങ്ങൾ കൈവശമുണ്ടെന്നും മുകേഷ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. സമാന കേസുകളിൽ പ്രതികളായ രണ്ടു കോൺഗ്രസ് എംഎൽഎമാർ രാജിവെച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ മുകേഷിന്റെ രാജി ആവശ്യമില്ലെന്നുമാണ് സിപിഎമ്മിന്റെ വിശദീകരണം. രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ എംഎൽഎ ഓഫീസിനും വീടിനും പോലീസ് സുരക്ഷ കൂട്ടിയിട്ടുണ്ട്.
Most Read| എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഇപി ജയരാജനെ നീക്കി