വാഷിങ്ടൻ: യുഎസിൽ നിന്ന് ഇന്ത്യക്കെതിരെ ആണവ ഭീഷണി മുഴക്കിയ പാക്ക് സൈനിക മേധാവി അസിം മുനീറിനെ വിമർശിച്ച് പെന്റഗൺ മുൻ ഉദ്യോഗസ്‌ഥൻ മൈക്കൽ റൂബിൻ. പാക്കിസ്‌ഥാൻ ഒരു തെമ്മാടി രാഷ്‌ട്രം പോലെയാണ് പെരുമാറുന്നതെന്ന് റൂബിൻ ചൂണ്ടിക്കാട്ടി.
സൈനിക മേധാവിയുടെ പ്രസ്‌താവന പൂർണമായും അസ്വീകാര്യമാണെന്നും ഐഎസും ഒസാമൻ ബിൻ ലാദനും മുൻപ് നടത്തിയ പ്രസ്‌താവനകൾക്ക് സമാനമാണെന്നും റൂബിൻ പറഞ്ഞു. അസിം മുനീർ കോട്ട് ധരിച്ച ഒസാമ ബിൻ ലാദനാണെന്നും അദ്ദേഹം പറഞ്ഞു.
നാറ്റോയ്‌ക്ക് പുറത്തുള്ള യുഎസിന്റെ ഒരു പ്രധാന സഖ്യകക്ഷി എന്ന പദവിയിൽ നിന്ന് പാക്കിസ്‌ഥാനെ ഒഴിവാക്കണമെന്നും തീവ്രവാദത്തിന്റെ പ്രധാന സ്‌പോൺസറായി പ്രഖ്യാപിക്കണമെന്നും റൂബിൻ ആവശ്യപ്പെട്ടു. അസിം മുനീറിന് യുഎസ് വിസ നൽകുന്നത് വിലക്കണം. പാക്ക് സൈനിക മേധാവിയുടെ പ്രസ്‌താവനയ്‌ക്കിടെ അവിടെ സന്നിഹിതരായിരുന്ന യുഎസ് ഉദ്യോഗസ്‌ഥർ പ്രതികരിക്കാതിരുന്നതിനെയും റൂബിൻ ചോദ്യം ചെയ്‌തു.
അസിം മുനീറിനെ ഉടൻ തന്നെ പുറത്താക്കുകയും ചെയ്യണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ‘പാക്കിസ്‌ഥാൻ ആണവരാഷ്‌ട്രമാണ്. ഞങ്ങളെ തകർത്താൽ ലോകത്തിന്റെ പകുതി നശിപ്പിച്ചിട്ടേ ഞങ്ങൾ പോകൂ’ എന്നാണ് യുഎസിൽ പാക്ക് വംശജരുടെ യോഗത്തിൽ അസിം മുനീർ പറഞ്ഞത്. സിന്ധു നദി ഇന്ത്യയുടെ കുടുംബസ്വത്തല്ല. ഇന്ത്യ ഒരു അണക്കെട്ട് നിർമിക്കാൻ ഞങ്ങൾ കാത്തിരിക്കും. അത് നിർമിച്ച് കഴിയുമ്പോൾ പത്ത് മിസൈൽ ഉപയോഗിച്ച് ഞങ്ങൾ അത് തകർക്കുമെന്നും മുനീർ പറഞ്ഞു.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!