ന്യൂഡെൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ പാക്കിസ്‌ഥാന്റെ അഞ്ച് യുദ്ധവിമാനങ്ങളും ഒരു വ്യോമനിരീക്ഷണ വിമാനവും തകർത്തെന്ന വ്യോമസേനാ മേധാവി എയർചീഫ് മാർഷൽ എപി സിങ്ങിന്റെ വാദത്തെ പിന്തുണച്ച് രാജ്യാന്തര സൈനിക വിദഗ്‌ധർ.
72 മണിക്കൂർ മാത്രം നീണ്ടുനിന്ന യുദ്ധത്തിൽ പാക്കിസ്‌ഥാന്റെ യുദ്ധവിമാനങ്ങൾ തകർന്നതിന്റെ തെളിവുകൾ ലഭിച്ചതായാണ് ഓസ്‌ട്രിയ ആസ്‌ഥാനമായുള്ള സൈനിക വിദഗ്‌ധൻ ടോം കൂപ്പർ പറഞ്ഞത്.
”അഞ്ച് പാക്കിസ്‌ഥാൻ വിമാനങ്ങൾ മാത്രമല്ല, അതിൽ കൂടുതൽ വിമാനങ്ങൾ വെടിവച്ചിട്ടതിന്റെ തെളിവുകൾ ഞങ്ങൾ കണ്ടു. പാക്കിസ്‌ഥാൻ വിമാനങ്ങൾ നിലത്ത് തകർന്ന് കിടക്കുന്നതിന്റെ തെളിവുകളാണ് ഞങ്ങൾ കണ്ടെത്തിയത്. മേയിലാണ് ഈ തെളിവുകൾ ലഭിച്ചത്. എന്നാൽ, ആ ഘട്ടത്തിൽ ഇന്ത്യൻ വ്യോമസേനയിൽ നിന്നോ ഇന്ത്യൻ സർക്കാരിൽ നിന്നോ ഇക്കാര്യത്തിൽ ഔദ്യോഗിക സ്‌ഥിരീകരണം ലഭിച്ചിരുന്നില്ല”- കൂപ്പർ പറഞ്ഞു.
എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് കൂപ്പർ ഇക്കാര്യം വ്യക്‌തമാക്കിയത്. കരയിൽ നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന മിസൈൽ ഉപയോഗിച്ചാണ് വെടിവച്ചിട്ടതെന്നും അദ്ദേഹം പറയുന്നു. 300 കിലോമീറ്റർ ദൂരെ നിന്ന് കൃത്യതയോടെ വെടിവച്ചിട്ടുവെന്നത് ചരിത്ര നേട്ടമാണെന്നും കൂപ്പർ പ്രശംസിച്ചു.
യുക്രൈൻ-റഷ്യ സംഘർഷത്തിൽ പോലും 200 കിലോമീറ്റർ ദൂരത്തിൽ നിന്ന് മാത്രമേ ശത്രുവിന്റെ വിമാനത്തെ വെടിവച്ചിട്ടുള്ളൂവെന്നും കൂപ്പർ ചൂണ്ടിക്കാട്ടി. എസ് 400 സർഫസ്- ടു- എയർ മിസൈൽ സംവിധാനം ഇന്ത്യ കൃത്യമായി വിനിയോഗിച്ചെന്നും കൂപ്പർ പറയുന്നു.
പഹൽഗാമിലെ ഭീകരാക്രമണത്തിന് തിരിച്ചടിയായി മേയ് ഏഴിനാണ് പാക്കിസ്‌ഥാനിലെ ഭീകരകേന്ദ്രങ്ങളെ ഇന്ത്യ ആക്രമിച്ചത്. ഒമ്പത് ഭീകരകേന്ദ്രങ്ങൾ പുലർച്ചെയുള്ള ആക്രമണത്തിൽ തകർത്തു. 25 മിനിറ്റിൽ 24 ആക്രമണങ്ങളാണ് സൈന്യം നടത്തിയത്. പിറ്റേന്ന് 15 ഇന്ത്യൻ നഗരങ്ങളെ ലക്ഷ്യമിട്ട് പാക്ക് ആക്രമണമുണ്ടായി. എന്നാൽ, ഇന്ത്യ കനത്ത തിരിച്ചടി നൽകി.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ