കണ്ണൂർ: ഏറെനീണ്ട കാത്തിരിപ്പിനൊടുവിൽ കണ്ണൂർ-മംഗളൂരു പാതയിൽ അൺറിസർവ്ഡ് എക്സ്പ്രസ് ട്രെയിൻ സർവീസ് ആരംഭിച്ചു. ട്രെയിൻ രാവിലെ 7.40 ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 10.55ന് മംഗളൂരുവിൽ എത്തും. തുടർന്ന് വൈകീട്ട് 5.05 ന് മംഗളൂരുവിൽ നിന്ന് പുറപ്പെട്ട് രാത്രി 8.40 ന് തിരിച്ച് കണ്ണൂരിൽ എത്തുന്ന രീതിയിലാണ് സമയക്രമം. കണ്ണൂർ-മംഗളൂരു ഇടയിൽ ചിറക്കൽ, ചന്തേര, കളനാട് എന്നീ ഹാൾട്ട് സ്റ്റേഷൻ ഒഴികെ 17 സ്റ്റേഷനുകളിലും സ്റ്റോപ്പുണ്ട്.
സീസൺ ടിക്കറ്റുകാർ ഉൾപ്പടെ 46 പേരാണ് ആദ്യ യാത്രയിൽ സർവീസ് നടത്തിയത്. നിലവിൽ 12 ജനറൽ കോച്ചുകളാണ് തീവണ്ടിയിലുള്ളത്. വരും ദിവസങ്ങളിൽ കൂടുതൽ യാത്രക്കാർ എത്തുമെന്ന പ്രതീക്ഷയിലാണ് റെയിൽവേ അധികൃതർ. കൂടാതെ അൺറിസർവ്ഡ് ടിക്കറ്റുകൾ നൽകാൻ സ്റ്റേഷനുകളിൽ പ്രത്യേക കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്. സീസൺ ടിക്കറ്റുകളും ഇവിടെനിന്ന് ലഭിക്കും. നേരത്തേയെടുത്ത സീസൺ ടിക്കറ്റുകൾ പുതുക്കാനും സൗകര്യം ഉണ്ട്.
സർവീസ് തുടങ്ങിയതോടെ കാസർഗോഡ് ഭാഗത്തെ ഉദ്യോഗാർഥികൾക്കും മംഗളൂരിലേക്ക് പോകേണ്ടവർക്കും ഏറെ പ്രയോജനകരമായി. അതേസമയം, നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രക്കാർ ട്രെയിനിനെ ആഹ്ളാദത്തോടെയാണ് യാത്രയാക്കിയത്.
Read Also: തിരുവമ്പാടിയിൽ സമ്പൂർണ ലോക്ക്ഡൗൺ; കൊയിലാണ്ടിയിൽ കർശന നിയന്ത്രണം






































