വിദിഷ: യുക്രൈനില്‍ കുടുങ്ങിയ വിദ്യാര്‍ഥിനിയെ നാട്ടിലെത്തിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്താന്‍ ശ്രമിച്ചയാൾ അറസ്‌റ്റില്‍. 35 വയസുകാരനായ പ്രിന്‍സ് ഗാവ എന്നയാളാണ് അറസ്‌റ്റിലായത്. ഗുരുഗാവില്‍ നിന്നാണ് മധ്യപ്രദേശ് പോലീസ് ഇയാളെ പിടികൂടിയത്. പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നെന്ന പേരില്‍ വിളിച്ചായിരുന്നു തട്ടിപ്പ്.
മധ്യപ്രദേശിലെ വിദിഷയിലുള്ള വൈശാലി വില്‍സണ്‍ എന്ന സ്‌ത്രീയെയാണ് പ്രിന്‍സ് കബളിപ്പിച്ചത്. ഫോണില്‍ ഇവരെ ബന്ധപ്പെട്ട പ്രതി പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്ന് വിശ്വസിപ്പിച്ചു. തുടർന്ന് യുക്രൈനില്‍ മെഡിസിന് പഠിക്കുന്ന ഇവരുടെ മകളെ തിരിച്ചെത്തിക്കാന്‍ സഹായിക്കമെന്നും. അതിനായി ടിക്കറ്റ് ചാര്‍ജായി 42,000 രൂപ കൈമാറണം എന്നുമാണ് നിര്‍ദേശിച്ചത്. ഇത് വിശ്വസിച്ച വൈശാലി വില്‍സണ്‍ പണം ഫോണ്‍ ആപ്പ് വഴി കൈമാറി.
എന്നാല്‍ പിന്നീട് ഇയാള്‍ ബന്ധപ്പെടാതായപ്പോള്‍ സംശയം തോന്നിയ പരാതിക്കാരി പോലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് എംപി പോലീസ് അന്വേഷണം ആരംഭിക്കുകയും പ്രിന്‍സിനെ ഗുരുഗ്രാമില്‍ നിന്നും അറസ്‌റ്റ് ചെയ്യുകയുമായിരുന്നു. ഇയാള്‍ക്കെതിരെ ഐപിസി വകുപ്പുകള്‍ പ്രകാരവും, ഐടി ആക്‌ട് പ്രകാരവും കേസ് എടുത്തിട്ടുണ്ട്.
അതേസമയം ഇയാള്‍ സമാനമായ തട്ടിപ്പുകള്‍ ഹരിയാനയിലും നടത്തിയിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്‌ഥനായ അഷുതോഷ് സിംഗ് പറഞ്ഞതായി പിടിഐ റിപ്പോർട് ചെയ്യുന്നു.
Most Read: 12 മലയാളികൾ ചെന്നൈ വഴി വരും, ഒരുക്കങ്ങള്‍ പൂർത്തിയായി; മന്ത്രി








































