ന്യൂഡെൽഹി: ഡെൽഹിയിൽ കടുത്ത ചൂടിൽ മലയാളി പോലീസുകാരൻ സൂര്യാഘാതമേറ്റ് മരിച്ചു. ഉത്തംനഗർ ഹസ്ത്സാലിൽ താമസിക്കുന്ന കോഴിക്കോട് വടകര സ്വദേശി കെ ബിനേഷ് (50) ആണ് മരിച്ചത്. ഡെൽഹി പോലീസിൽ അസി. സബ് ഇൻസ്പെക്ടറാണ്.
വസീറാബാദ് പോലീസ് ട്രെയിനിങ് സെന്ററിൽ നടക്കുന്ന പ്രത്യേക പരിശീലനത്തിനിടെയാണ് ബിനേഷിന് സൂര്യാഘാതമേറ്റത്. പരിശീലനത്തിനുള്ള 1400 അംഗ പോലീസ് സംഘത്തിൽ ബിനേഷ് ഉൾപ്പടെ 12 മലയാളികളാണ് ഉണ്ടായിരുന്നത്. ചൂടേറ്റ് തളർന്ന് തലകറങ്ങി വീണ ബിനേഷിനെ ആദ്യം അടുത്തുള്ള ശുഭം ആശുപത്രിയിൽ എത്തിച്ചു.
ആരോഗ്യസ്ഥിതി മോശമായതോടെ പശ്ചിംവിഹാർ ബാലാജി ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ചായിരുന്നു മരണം. മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. കനത്ത ചൂട് കാരണം റെഡ് അലർട് പ്രഖ്യാപിച്ചിരിക്കുന്ന ഡെൽഹിയിൽ ഉയർന്ന താപനില 49.9 ഡിഗ്രി സെൽഷ്യസ് വരെയെത്തി. ഡെൽഹിയിലെ മുങ്കേഷ്പൂർ, നരേല തുടങ്ങിയയിടങ്ങളിൽ ഇന്നലെ ഉയർന്ന താപനില 49.9 ഡിഗ്രി രേഖപ്പെടുത്തി.
ജൂൺ 1,2 തീയതികളിൽ പൊടിക്കാറ്റ് ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ കടുത്ത ശുദ്ധജലക്ഷാമം ഉണ്ടാകുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വെള്ളം പാഴാക്കുന്നവരിൽ നിന്ന് പിഴ ഈടാക്കുമെന്നാണ് മന്ത്രി അതിഷി കഴിഞ്ഞ ദിവസം പറഞ്ഞത്. പൈപ്പ് വെള്ളം ഉപയോഗിച്ച് വാഹനങ്ങൾ കഴുകരുതെന്നും കർശന നിർദ്ദേശമുണ്ട്.
Most Read| മഞ്ഞുമ്മൽ ബോയ്സ്; നിർമാതാക്കൾ ഗുരുതര സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് റിപ്പോർട്








































