മലപ്പുറം: ‘മറുനാടൻ മലയാളി’ ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്കറിയ അറസ്റ്റിൽ. തൃക്കാക്കര പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ബിഎസ്എൻഎൽ ടെലിഫോൺ ബില്ലുകൾ വ്യാജമായി നിർമിച്ചു രജിസ്റ്റർ ഓഫ് കമ്പനീസിനെ കബളിപ്പിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്. മതവിദ്വേഷം വളർത്തുന്ന വീഡിയോ പ്രചരിപ്പിച്ച കേസിൽ നിലമ്പൂർ പോലീസ് സ്റ്റേഷനിൽ ഷാജൻ സ്കറിയ ഇന്ന് ഹാജരായിരുന്നു.
ഈ കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം സ്റ്റേഷൻ ജാമ്യത്തിൽ ഷാജൻ സ്കറിയയെ വിട്ടയച്ചതിന് പിന്നാലെയാണ് തൃക്കാക്കര പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിലമ്പൂരിൽ നിന്നും അറസ്റ്റ് ചെയ്ത ഷാജനെ എറണാകുളത്തേക്ക് കൊണ്ടുപോയി. ഡെൽഹിയിൽ താമസിക്കുന്ന രാധാകൃഷ്ണൻ എന്നയാൾ മുഖ്യമന്ത്രിക്ക് ഇ-മെയിൽ വഴി നൽകിയ പരാതിയിലാണ് നടപടി.
രണ്ടു മാസം മുമ്പാണ് കേരള കോൺഗ്രസ് എം ജില്ലാ വൈസ് പ്രസിഡണ്ടും നിലമ്പൂർ നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ഷാജൻ സ്കറിയക്കെതിരെ പരാതി നൽകിയത്. മതവിദ്വേഷം പ്രചരിക്കുന്ന വീഡിയോ ചെയ്തു, ഹൈന്ദവ മതവിശ്വാസികൾക്ക് മുസ്ലിം, ക്രിസ്ത്യൻ മതവിശ്വാസികളോട് വിദ്വേഷം തോന്നിപ്പിക്കുന്ന തരത്തിലുള്ള വീഡിയോ എന്നിവയാണ് ഷാജൻ സ്കറിയ പ്രചരിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു.
നേരത്തെ, ഈ മാസം 17ന് ഹാജരാകാനായിരുന്നു ഷാജൻ സ്കറിയയോട് ഹൈക്കോടതി ആവശ്യപ്പെട്ടത്. എന്നാൽ, ഹാജരാകാത്തതിനെ തുടർന്ന് കോടതി വിമർശനം ഉന്നയിച്ചിരുന്നു. തുടർന്ന് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിടുകയായിരുന്നു. ഉത്തരവിൽ വീഴ്ച വരുത്തിയാൽ മുൻകൂർ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി അറിയിച്ചിരുന്നു.
Most Read| ശാസ്ത്രജ്ഞർക്ക് സല്യൂട്ട് ; ചന്ദ്രയാൻ 3 ഇറങ്ങിയ ഇടം ഇനി ‘ശിവശക്തി’- പ്രധാനമന്ത്രി