പാലക്കാട്: നാട്ടുകല്ലിൽ 14-വയസുകാരി തൂങ്ങിമരിച്ച സംഭവത്തിൽ സ്‌കൂളിനെതിരെ ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. ശ്രീകൃഷ്‌ണപുരം സെന്റ് ഡൊമനിക് സ്‌കൂളിനെതിരെയാണ് പരാതി ഉയർന്നത്. ഒമ്പതാം ക്ളാസുകാരി ആശിർനന്ദ തൂങ്ങി മരിക്കാൻ കാരണം സ്‌കൂളിലെ മാനസിക പീഡനമാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
തച്ചനാട്ടുകര പാലോട് ചോളോട് ചെങ്ങളക്കുഴിയിൽ ആശിർനന്ദയെ ആണ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മാർക്ക് കുറഞ്ഞപ്പോൾ കുട്ടിയെ ക്ളാസ് മാറ്റിയിരുത്തിയെന്നും ഇതിൽ ആശിർനന്ദയ്‌ക്ക് മനോവിഷമം ഉണ്ടായെന്നും കുട്ടിയുടെ അച്ഛനും അമ്മയും പറയുന്നു. ബന്ധുക്കളുടെ ആരോപണത്തിന് പിന്നാലെ സ്‌കൂളിന് മുന്നിൽ ആളുകൾ പ്രതിഷേധവുമായെത്തി.
കുട്ടിയുടെ ആത്‍മഹത്യയ്‌ക്ക് പിന്നാലെ അധ്യാപകരും രക്ഷിതാക്കളും പോലീസും ചേർന്ന് സ്‌കൂളിൽ യോഗം ചേർന്നിരുന്നു. ഈ യോഗത്തിനിടെ വലിയ പ്രതിഷേധമുണ്ടായി. വിദ്യാർഥി സംഘടനാ പ്രവർത്തകരും സ്‌ഥലത്ത് എത്തിയിരുന്നു. കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. അതേസമയം, നാളെ രണ്ടുമണിക്ക് പിടിഎ യോഗം വിളിച്ചുചേർക്കാമെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചതായി പോലീസ് പറഞ്ഞു.
Most Read| ഹേമ കമ്മിറ്റി റിപ്പോർട്; എല്ലാ കേസുകളിലും അന്വേഷണം അവസാനിപ്പിച്ചു