കൊല്ലം: ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ സ്വദേശി അതുല്യ(30) സ്വന്തം മനസാലെ ജീവനൊടുക്കില്ലെന്ന് പിതാവ് രാജശേഖരൻ പിള്ള. നാട്ടിലെത്തിക്കുന്ന മൃതദേഹം റീ പോസ്‌റ്റുമോർട്ടം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഭർത്താവ് സതീഷ് ശങ്കറിന്റെ പീഡനമാണ് മകളുടെ മരണത്തിന് കാരണം. മകളുടെ മരണത്തിൽ നീതി ലഭിക്കാനായി നിയമപോരാട്ടം തുടരുമെന്നും രാജശേഖരൻ പിള്ള പറഞ്ഞു. കേരള പോലീസ് മകളുടെ മരണത്തിലെ നിജസ്‌ഥിതി കണ്ടെത്തുമെന്നാണ് വിശ്വാസം. റീ പോസ്‌റ്റുമോട്ടം നടത്തിയ ശേഷം സംസ്‌കാര ചടങ്ങുകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതുല്യയുടെ മരണം ആത്‍മഹത്യ ആണെന്ന് ഷാർജ പോലീസ് സ്‌ഥിരീകരിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച ഫൊറൻസിക് പരിശോധനാ ഫലം അതുല്യയുടെ ഷാർജയിലുള്ള സഹോദരി അഖില ഗോകുലിന് ലഭിച്ചു. ഈ മാസം 19ന് പുലർച്ചെയാണ് തേവലക്കര തെക്കുംഭാഗം സ്വദേശി അതുല്യ ഭവനിൽ എസ് രാജശേഖരൻ പിള്ളയുടെയും തുളസിഭായിയുടെ മകളായ അതുല്യ ശേഖറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാർജ റോളപാർക്കിന് സമീപത്തെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു.
മരണവുമായി ബന്ധപ്പെട്ട് ശാസ്‌താംകോട്ട സ്വദേശിയായ സതീഷ് കുമാറിനെതിരെ ചവറ പോലീസ് കേസെടുത്തിരുന്നു. ഷാർജയിലും ഇയാൾക്കെതിരെ കേസെടുത്തിരുന്നു. ഷാർജ പോലീസ് സതീഷിനെ കസ്‌റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയും ചെയ്‌തിരുന്നു. സതീഷിന് അതുല്യയുടെ മരണത്തിൽ പങ്കുണ്ടെന്ന് കാട്ടി സഹോദരി പരാതി നൽകിയതിന് സതീഷിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തത്.
Most Read| വനിതകൾക്ക് കുറഞ്ഞ ചിലവിൽ സുരക്ഷിത താമസം; മൂന്നാറിലെ ഷീ ലോഡ്‌ജ് റെഡി