ന്യൂഡെല്‍ഹി: ആവശ്യമെങ്കിൽ വിവാദ കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സർക്കാർ പുനഃസ്‌ഥാപിക്കുമെന്ന് രാജസ്‌ഥാന്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്ര. കാര്‍ഷിക നിയമങ്ങളുടെ യഥാർഥ ഗുണഫലങ്ങള്‍ മനസിലാക്കാന്‍ കര്‍ഷകര്‍ക്ക് സാധിച്ചില്ലെന്നും കല്‍രാജ് മിശ്ര പറഞ്ഞു.
“കാര്‍ഷിക നിയമങ്ങളുടെ ഗുണഫലങ്ങള്‍ കര്‍ഷകരെ മനസിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. എന്നാല്‍, നിയമങ്ങള്‍ പിന്‍വലിക്കണമെന്ന നിര്‍ബന്ധ ബുദ്ധിയായിരുന്നു കര്‍ഷകര്‍ക്ക്. കര്‍ഷകരുടെ ആവശ്യപ്രകാരം ഇപ്പോള്‍ പിന്‍വലിക്കാമെന്നാണ് സര്‍ക്കാര്‍ ചിന്തിച്ചിരിക്കുന്നത്. എന്നാല്‍, ആവശ്യമെങ്കില്‍ തിരികെ കൊണ്ടുവരും”- കല്‍രാജ് മിശ്ര പറഞ്ഞു.
ഒരു വർഷത്തോളം രാജ്യതലസ്‌ഥാനത്തിന്റെ അതിർത്തികളിൽ കർഷകർ നടത്തിയ പോരാട്ടത്തിനൊടുവിൽ കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി വിവാദ നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചത്. നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ അടുത്ത പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തില്‍ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി അറിയിച്ചു. പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്‌ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആയിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
Read also: കർഷക സമരം തുടരും; റാലികൾ മുൻ നിശ്‌ചയിച്ച പ്രകാരം തന്നെ നടക്കും