ന്യൂഡെൽഹി: കർഷക നേതാവും ഭാരതീയ കിസാൻ യൂണിയൻ (ബികെയു) വക്താവുമായ രാകേഷ് ടിക്കെയ്റ്റിന് വധഭീഷണി. ടിക്കെയ്റ്റിന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ശനിയാഴ്ച പോലീസിൽ പരാതി നൽകി. ടിക്കെയ്റ്റിന്റെ പേഴ്സണൽ അസിസ്റ്റന്റ് അർജുൻ ബലിയാൻ ആണ് പോലീസിന് പരാതി നൽകിയത്.
രാകേഷ് ടിക്കെയ്റ്റിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന ഫോൺ കോൾ ലഭിച്ചതായി ബലിയാൻ നൽകിയ പരാതിയിൽ പറയുന്നു. കാർഷിക നിയമങ്ങളിലെ പ്രശ്നം പരിഹരിക്കുന്നതിന് കേന്ദ്രവുമായി ചർച്ച നടത്തുന്ന കർഷക നേതാക്കളുടെ പ്രതിനിധി സംഘത്തിന്റെ ഭാഗമായ ബികെയുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് രാകേഷ് ടിക്കെയ്റ്റ്.
യുപിയിലെ ഗാസിയാബാദിലെ കൗശമ്പി പോലീസ് സ്റ്റേഷനിൽ രാകേഷ് ടിക്കെയ്റ്റിന്റെ വധഭീഷണവുമായി ബന്ധപ്പെട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അജ്ഞാത ആശയവിനിമയത്തിലൂടെ ഭീഷണിപ്പെടുത്തിയെന്ന കുറ്റത്തിന് ഇന്ത്യൻ പീനൽ കോഡിലെ (ഐപിസി) സെക്ഷൻ 507 പ്രകാരമാണ് കേസെടുത്തത്.
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഫോൺ നമ്പർ നിരീക്ഷിക്കുകയാണ്. ടിക്കെയ്റ്റിന്റെ സുരക്ഷ ഉറപ്പാക്കാൻ ഗാസിപൂർ അതിർത്തിയിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. പരാതിയിൽ കൂടുതൽ അന്വേഷണം നടത്താൻ പോലീസ് പ്രത്യേക സംഘത്തിന് രൂപം നൽകി.
Also Read: പരിഹാരമായില്ലെങ്കില്‍ പ്രക്ഷോഭം കടുപ്പിക്കാന്‍ കര്‍ഷകര്‍; സമരമുഖത്തേക്ക് മല്‍സ്യ തൊഴിലാളികളും







































