ന്യൂഡെൽഹി: കിസാന്‍ മഹാപഞ്ചായത്തുകള്‍ രാജ്യവ്യാപകമായി സംഘടിപ്പിക്കാന്‍ ഒരുങ്ങി കര്‍ഷക സംഘടനകള്‍. ഉത്തര്‍പ്രദേശ്, മഹാരാഷ്‌ട്ര, രാജസ്‌ഥാന്‍ സംസ്‌ഥാനങ്ങളില്‍ വരുംദിവസങ്ങളില്‍ കിസാന്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കുമെന്ന് കർഷക സംഘാടനകൾ അറിയിച്ചു.
പഞ്ചാബിലും ഉത്തര്‍പ്രദേശിലും അടക്കം നേരത്തെ സംഘടിപ്പിച്ച കിസാന്‍ മഹാപഞ്ചായത്തുകള്‍ കര്‍ഷകരുടെ വന്‍സാന്നിധ്യത്തെ തുടര്‍ന്ന് രാജ്യശ്രദ്ധ പിടിച്ചുപറ്റിയ സാഹചര്യത്തിലാണ് കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കാന്‍ കിസാന്‍ മഹാ പഞ്ചായത്തുകളുടെ വിജയത്തിന് കഴിയുമെന്നാണ് കര്‍ഷക സംഘടനകളുടെ വിലയിരുത്തല്‍.
രാജസ്‌ഥാനിലെ ശ്രീഗംഗാ നഗറിലും, ഹനുമാന്‍ഗഡിലും ഈ മാസം 18നും മഹാരാഷ്‌ട്രയിലെ യവാത്‌മലില്‍ 20നും കിസാന്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കും.കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രാജസ്‌ഥാനില്‍ മഹാപഞ്ചായത്തുകളില്‍ പങ്കെടുക്കും.
മഹാരാഷ്‌ട്രയിലെ കൂട്ടായ്‌മ കര്‍ഷക നേതാവ് രാകേഷ് ടിക്കായത്താണ് ഉൽഘാടനം ചെയ്യുക. ബഹുജന പങ്കാളിത്തത്തോടെ വിദര്‍ഭ മേഖലയിലെ കര്‍ഷകരെ അടക്കം പങ്കെടുപ്പിച്ച് സമര പരിപാടി വന്‍ വിജയമാക്കാനാണ് കര്‍ഷക സംഘടനകള്‍ തയാറെടുക്കുന്നത്.
അതേസമയം രാജസ്‌ഥാനിലെ ടോള്‍ ബൂത്തുകള്‍ പിടിച്ചെടുത്ത് പൊതുജനങ്ങള്‍ക്ക് സൗജന്യമായി തുറന്നുകൊടുക്കുന്നത് കര്‍ഷകര്‍ ആരംഭിച്ചു. പ്രശ്‌നപരിഹാര ചര്‍ച്ചകളുടെ കാര്യത്തില്‍ ഇപ്പോഴും അനിശ്‌ചിതത്വം തുടരുകയാണ്. അതിനിടെ സംയുക്‌ത കിസാന്‍ മോര്‍ച്ച തുടര്‍ സമര പരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് യോഗം ചേരും. സിംഗുവിലാണ് യോഗം.
Read Also: കള്ളപ്പണം വെളുപ്പിക്കൽ കേസ്; ചന്ദ കൊച്ചാറിന് ജാമ്യം








































