മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഐസിഐസിഐ ബാങ്കിന്റെ മുൻ സിഇഒ ചന്ദ കൊച്ചാറിന് ജാമ്യം. പ്രത്യേക പിഎംഎൽഎ കോടതിയാണ് ജാമ്യം അനുവദിച്ചത്.
അഞ്ചുലക്ഷം രൂപ ജാമ്യ തുകയായി കോടതിയിൽ കെട്ടിവെക്കണമെന്നും കോടതിയുടെ അനുമതിയില്ലാതെ രാജ്യംവിട്ടു പോകരുതെന്നും ഉത്തരവിൽ പറയുന്നു.
ഐസിഐസിഐ ബാങ്ക്-വീഡിയോകോൺ വായ്‌പാ തട്ടിപ്പുകേസിൽ മുംബൈ പ്രത്യേക കോടതിയിൽ കൊച്ചാർ വെള്ളിയാഴ്‌ച ഹാജരായിരുന്നു.
കള്ളപ്പണം വെളിപ്പിക്കലുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ഹാജരാക്കിയ തെളുവുകൾ അവർക്കെതിരെ വിചാരണ തുടരാൻ പര്യാപ്‌തണെന്ന് ഈമാസം തുടക്കത്തിൽ കോടതി വ്യക്‌തമാക്കിയിരുന്നു.
ഐസിഐസിഐ ബാങ്ക് 1,875 കോടി രൂപ വായ്‌പ അനുവദിച്ചതിലെ ക്രമക്കേടുകളും അഴിമതിയും അന്വേഷിക്കുന്നതിനായി ഇഡി കഴിഞ്ഞ വർഷം തുടക്കത്തിലാണ് ചന്ദ കൊച്ചാർ, ഭർത്താവ് ദീപക് കൊച്ചാർ, വീഡിയോകോൺ ഗ്രൂപ്പിലെ വേണുഗോപാൽ ധൂത്ത് എന്നിവർക്കെതിരേ കള്ളപ്പണം തടയൽ നിയമപ്രകാരം ക്രിമിനൽ കേസ് ഫയൽ ചെയ്‌തത്.
സിബിഐയുടെ നിർദേശപ്രകാരമാണ് ഇഡി കേസ് ഏറ്റെടുത്തത്. ചന്ദകൊച്ചാറുമായി ബന്ധപ്പെട്ട മറ്റ് രണ്ട് കേസുകളിൽ കൂടി ഇഡി അന്വേഷണം നടത്തി വരികയാണ്.
Read Also: ഡോളർ കടത്ത് കേസ്; സാമ്പത്തിക ഉറവിടം തേടി എൻഫോഴ്‌സ്‌മെന്റ് അന്വേഷണം