ന്യൂഡെൽഹി: കേന്ദ്ര ബജറ്റിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച സർവകക്ഷി യോഗത്തിൽ പ്രതിഷേധം അറിയിച്ച് പ്രതിപക്ഷ പാർട്ടികൾ. കാർഷിക ബില്ലുകൾക്കെതിരെ കർഷകർ നടത്തുന്ന സമരത്തോടുള്ള കേന്ദ്ര സർക്കാരിന്റെ നിലപാടിന് എതിരെയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.
കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ശിവസേന, ശിരോമണി അകാലിദൾ നേതൃത്വമാണ് സർവകക്ഷി യോഗത്തിൽ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയത്. കർഷക സമരത്തെ കേന്ദ്രം നേരിടുന്ന രീതി ശരിയല്ലെന്ന് നേതാക്കൾ തുറന്നടിച്ചു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാമെന്ന് മാത്രമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. കർഷകരോട് ചർച്ച നടത്താൻ കേന്ദ്രം ഇപ്പോഴും തയാറാണെന്നും പ്രധാനമന്ത്രി അറിയിച്ചു. കേന്ദ്രം ഒടുവിൽ മുന്നോട്ട് വെച്ച നിർദ്ദേശത്തോട് കർഷകർ ഇനിയും പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, സമരഭൂമിയിൽ നിന്ന് കർഷകരെ ഒഴിപ്പിക്കാനുള്ള പോലീസിന്റെ നീക്കം പുരോഗമിക്കുകയാണ്. ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. മുൻ നിർദ്ദേശങ്ങൾ അംഗീകരിക്കാതെ ഇനി ചർച്ചക്കില്ലെന്ന് കഴിഞ്ഞ ദിവസം സർക്കാർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രിയുടെ നിലപാട് മാറ്റം.
ഇതിന് പുറമേ, കർഷക പ്രക്ഷോഭത്തിന്റെ പ്രഭവ കേന്ദ്രമായ സിംഘു അതിർത്തിയിൽ ഡെൽഹി പോലീസ് മാദ്ധ്യമ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. സമരം നടക്കുന്ന സ്ഥലത്തിന് രണ്ട് കിലോമീറ്റർ അകലെ വച്ച് തന്നെ മാദ്ധ്യമങ്ങളെ പോലീസ് തടഞ്ഞു. കൂടാതെ പ്രദേശത്തെ ഇന്റർനെറ്റ് കണക്ഷനും ഇതിനോടകം തന്നെ വിഛേദിച്ചിട്ടുണ്ട്.
Also Read: സാമ്പത്തിക സംവരണത്തിന് എതിരെ ജമാഅത്തെ ഇസ്ലാമി ഹിന്ദ് സുപ്രീം കോടതിയിൽ