ന്യൂഡെൽഹി: കര്‍ഷക പ്രക്ഷോഭം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി സംഘടനകൾ. ഇതിന്റെ ഭാഗമായി കര്‍ഷകര്‍ ഡല്‍ഹി- ജയ്പൂർ ദേശീയപാത ഇന്ന് ഉപരോധിക്കും. പഞ്ചാബില്‍ നിന്ന് മുപ്പതിനായിരത്തോളം കര്‍ഷകര്‍ ഡെല്‍ഹിയിലേക്ക് പുറപ്പെട്ടു. രാജ്യ തലസ്ഥാനത്തേക്കുള്ള എല്ലാ പ്രധാനപാതകളും വരും ദിവസങ്ങളില്‍ ഉപരോധിക്കാനാണ് കര്‍ഷക സംഘടനകള്‍ തീരുമാനിച്ചത്.
കർഷകരുടെ പുതിയ നീക്കം മുന്നിൽകണ്ട് ദേശീയപാതകളില്‍ കേന്ദ്രസേനയുടെയും പൊലീസിന്റെയും വന്‍ സന്നാഹമാണ് തുടരുന്നത്. ഡെല്‍ഹി ചലോ പ്രക്ഷോഭത്തിന്റെ ഭാഗമായി രാജസ്ഥാനിലെ ഷാജഹാന്‍പൂരില്‍ നിന്ന് ആയിരക്കണക്കിന് കര്‍ഷകരാണ് ഇന്ന് പുറപ്പെടുന്നത്. രാവിലെ പതിനൊന്ന് മണിക്ക് യാത്ര തുടങ്ങുമെന്ന് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി.
ഇതോടെയാണ് , 2500 പൊലീസുകാരെ അധികമായി ഡല്‍ഹി-ജയ്പൂർ ദേശീയപാതയില്‍ നിയോഗിച്ചത്. കൂടുതല്‍ കമ്പനി കേന്ദ്ര സേനയെ അതിര്‍ത്തിപ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
പഞ്ചാബിലെ ഏഴ് ജില്ലകളിലെ ആയിരം ഗ്രാമങ്ങളില്‍ നിന്നാണ് മുപ്പതിനായിരം കര്‍ഷകര്‍ ഡെല്‍ഹിയിലേക്ക് പുറപ്പെട്ടത്. സമരം കൂടുതൽ ശക്തമാക്കാൻ തന്നെയാണ് കർഷക സംഘടനകൾ തീരുമാനിച്ചത്. 1300 ട്രാക്റുകളിലും 200 മറ്റ് വാഹനങ്ങളിലുമായാണ് ഇവരുടെ യാത്ര. അതേസമയം, പ്രക്ഷോഭം അവസാനിപ്പിക്കാനുള്ള ആറാംവട്ട ചര്‍ച്ചകള്‍ക്ക് ശ്രമം ആരംഭിച്ചതായി കേന്ദ്രമന്ത്രി സോം പ്രകാശ് വ്യക്തമാക്കി.
Read Also: ഹാലിസഹറിലെ ബിജെപി പ്രവര്‍ത്തകന്റെ മരണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസെന്ന് ആരോപിച്ച് കുടുംബം








































