ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ സമരം ശക്‌തമാക്കാൻ കർഷക സംഘടനകൾ. ഈ മാസം 26 മുതൽ പഞ്ചാബ്, രാജസ്‌ഥാൻ, യുപി, ഉത്തരാഖണ്ഡ് എന്നീ സംസ്‌ഥാനങ്ങളിൽ നിന്നുള്ള കർഷകർ ഡെൽഹി അതിർത്തികളിലെത്തും. സംസ്‌ഥാന തല കർഷക റാലി സംഘടിപ്പിക്കാനാണ് തീരുമാനം. ഇന്ന് ചേർന്ന സംയുക്‌ത കിസാൻ മോർച്ചയുടെ ഒൻപതംഗ കമ്മിറ്റിയാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
ഈ മാസം 28ന് മുംബൈ ആസാദ് മൈതാനത്ത് കിസാൻ- മസ്‌ദൂർ മഹാപഞ്ചായത്ത് നടത്തും. നവംബർ 29ന് പാർലമെന്റിലേക്ക് മാർച്ച് നടത്തും. കേന്ദ്ര സർക്കാരിന് തീരുമാനമെടുക്കാൻ നവംബർ 26 വരെ സമയമുണ്ട്. 27 മുതൽ കർഷകർ ഗ്രാമങ്ങളിൽ നിന്ന് ട്രാക്‌ടറുകളിൽ ഡെൽഹി അതിർത്തികളിലെ സമര സ്‌ഥലങ്ങളിലെത്തി ശക്‌തമായ പ്രതിഷേധമുയർത്തുമെന്ന് ഈ മാസം ആദ്യം കർഷക നേതാവ് രാകേഷ് ടിക്കായത്ത് ട്വീറ്റ് ചെയ്‌തിരുന്നു.
കർഷകരുടെ ടെന്റുകളും പ്രക്ഷോഭ സ്‌ഥലങ്ങളും പൊളിച്ചു നീക്കിയാൽ പൊലീസ് സ്‌റ്റേഷനുകളും മജിസ്ട്രേറ്റ് ഓഫിസുകളും സമര കേന്ദ്രങ്ങളാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഡെൽഹി-ഹരിയാന അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകർ സമരം പുതിയ തലത്തിലേക്ക് മാറ്റുന്നതിനാണ് സംയുക്‌ത കർഷക സംഘടനകൾ ഇന്ന് യോഗം ചേർന്നത്. ഉത്തർപ്രദേശ്, പഞ്ചാബ് അടക്കമുള്ള സംസ്‌ഥാനങ്ങളിൽ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിയിരിക്കെ സമരം കൂടുതൽ ശക്‌തമാക്കി കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിക്കാനാണ് കർഷക സംഘടനകളുടെ നീക്കം.
Read also: പിഎം കെയർ: കശ്‌മീരിന് ലഭിച്ച വെന്റിലേറ്ററുകള്‍ പ്രവര്‍ത്തന ക്ഷമമല്ല; റിപ്പോര്‍ട്






































