തിരുവനന്തപുരം : സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി കെ രാജു വ്യക്തമാക്കി. ഇതിനായി ഇക്കാര്യം മന്ത്രിസഭയില്‍ ഉന്നയിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും, രോഗവ്യാപനത്തിനെതിരെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്ത് നിലവില്‍ കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിനെ തുടര്‍ന്ന് പക്ഷിപ്പനിയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ആലപ്പുഴ ജില്ലയിലെ 4 പഞ്ചായത്തുകളിലും, കോട്ടയം ജില്ലയിലെ ഒരു പഞ്ചായത്തിലുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടങ്ങളില്‍ നിന്ന് രോഗവ്യാപനം ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. രണ്ട് ജില്ലകളില്‍ നിന്നുമായി ഏകദേശം 38,000 പക്ഷികളെ കൊന്ന് രോഗവ്യാപനം തടയാനാണ് ഇപ്പോള്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി കോട്ടയം ജില്ലയില്‍ രോഗം സ്ഥിരീകരിച്ച നീണ്ടൂരിലെ ഫാമില്‍ ഉണ്ടായിരുന്ന 2,700 താറാവിൻ കുഞ്ഞുങ്ങളെയും, സമീപ പ്രദേശങ്ങളിലെ 300ഓളം വളര്‍ത്തുപക്ഷികളെയും ദ്രുതകര്‍മ്മ സേന കൊന്നു. കൂടാതെ ആലപ്പുഴയിലും വളര്‍ത്തുപക്ഷികളെ നശിപ്പിച്ചു തുടങ്ങി.
കോട്ടയം ജില്ലയില്‍ കളക്ടർ നിയോഗിച്ച 8 ദ്രുതകര്‍മ്മ സേനയാണ് നിലവില്‍ പക്ഷികളെ കൊല്ലുന്നത്. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അനില്‍ ഉമ്മന്‍, മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസറുടെ ചുമതല വഹിക്കുന്ന ഡോക്ടർ ഷാജി പണിക്കശ്ശേരി എന്നിവരുടെ മേല്‍നോട്ടത്തിലാണ് ജില്ലയില്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. നിലവില്‍ രോഗം മനുഷ്യരിലേക്ക് പടരാനുള്ള സാധ്യതയില്ലെന്നാണ് മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടർ കെഎം ദിലീപ് വ്യക്തമാക്കിയത്. ഒപ്പം തന്നെ കൊന്നൊടുക്കുന്ന വളര്‍ത്തുമൃഗങ്ങള്‍ക്ക് ആനുപാതികമായ നഷ്ടപരിഹാര തുക കര്‍ഷകര്‍ക്ക് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തില്‍ നിന്നും കോഴി, മുട്ട എന്നിവയുടെ ഇറക്കുമതിക്ക് തമിഴ്നാട് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Read also : അക്രമത്തിനെതിരെ റിലയന്‍സിന്റെ ഹരജി; പഞ്ചാബിനും കേന്ദ്ര സര്‍ക്കാരിനും ഹൈക്കോടതി നോട്ടീസ്







































