റാമ്പിലെത്തിയാൽ പിന്നെ സഫ അസുഖങ്ങളെല്ലാം മറക്കും. കാഴ്‌ചക്കാരുടെ ആരവാഘോഷങ്ങളിൽ അവളും ഒന്ന് ഉഷാറാകും. ഡൗൺ സിൻഡ്രോം ബാധിതയാണ് ഒമ്പതുവയസുകാരിയായ സഫ. പൂന്തുറ മൂന്നാറ്റുമുക്ക് ആറ്റരികത്തുവീട്ടിൽ സജീറിന്റെയും ജാസ്‌മിന്റെയും മൂന്നാമത്തെ മകളാണ്.
മുപ്പതോളം ഫാഷൻ ഷോകളിൽ ഇതിനോടകം ഈ കൊച്ചുമിടുക്കി ചുവടുവെച്ചു. സഫ നാലാം വയസിലാണ് പരസഹായത്തോടെ നടന്നുതുടങ്ങിയത് തന്നെ. നാലര വയസുള്ളപ്പോൾ ആദ്യമായി ഫാഷൻ ഷോയിൽ പങ്കെടുത്തു. അന്ന് നടക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നതിനാൽ സഫയ്‌ക്കൊപ്പം റാമ്പിൽ അമ്മ ജാസ്‌മിനും ഒപ്പമുണ്ടായിരുന്നു.
റാമ്പിലെ വെളിച്ചവും കാഴ്‌ചക്കാരുടെ കൈയ്യടികളും സഫയ്‌ക്ക് ആവേശമായിരുന്നു.പുത്തൻ ഉടുപ്പുകളിട്ട് റാമ്പ് വാക്ക് നടത്താൻ സഫയ്ക്ക് ഇഷ്‌ടമായിരുന്നു. അങ്ങനെയാണ് ഭിന്നശേഷിക്കാരായ കുട്ടികളുടെ ഫാഷൻ ഷോകളിൽ സഫ സജീവമായത്. മാതാവിനും സഹോദരങ്ങൾക്കുമൊപ്പം ബീമാപള്ളി മൈതാനത്താണ് പരിശീലനം നടത്തുന്നത്.
കലാരംഗത്ത് മാത്രമല്ല, കായികരംഗത്തും സഫ താരമാണ്. സോഫ്‌റ്റ്‌ബോൾ ത്രോയാണ് ഇഷ്‌ടപ്പെട്ട കായികയിനം. ഡാൻസിലുമുണ്ട് സഫിയയുടെ കൈയ്യൊപ്പ്. ഗവ. ടിടിഐ മണക്കാട് സ്‌കൂളിൽ നാലാം ക്ളാസ് വിദ്യാർഥിയാണ് സഫ.
Most Read| ഈ പോത്തിന്റെ വില കേട്ടാൽ ഞെട്ടും; പത്ത് ബെൻസ് വാങ്ങിക്കാം!





































