കൊച്ചി: മുനമ്പത്ത് അച്ഛനും മകനും തൂങ്ങിമരിച്ച നിലയിൽ. പള്ളിപ്പുറം തൃക്കാടപ്പള്ളി സ്വദേശിയായ ബാബുവിനെയും മകൻ സുബീഷിനെയുമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവർക്കും ഇടയിൽ പതിവായി പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ മുനമ്പം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്നു രാവിലെയോടെയാണ് ബാബുവിനെയും മകൻ സുബീഷിനേയും വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബാബുവിനെ വീടിന് പുറകുവശത്തുള്ള മരത്തിലും സുബീഷിനെ മുറിക്കുള്ളിലും ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സംഭവ ദിവസവും ബാബുവും സുഭീഷും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു എന്നാണ് റിപ്പോർട്.
ബാബുവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ട സുബീഷ് മുറിക്കുള്ളിൽ എത്തി ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. സുബീഷ് മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കുന്നതും പതിവായിരുന്നു. മുനമ്പം സ്റ്റേഷനിൽ സുബീഷിനെതിരെ കേസ് ഉണ്ട്. സെക്യൂരിറ്റി ജീവനക്കാരനാണ് ബാബു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
Most Read: മൂക്കിൽ ഒഴിക്കാവുന്ന കോവിഡ് വാക്സിൻ; ക്ളിനിക്കൽ പരീക്ഷണം പൂർത്തിയായി







































