കണ്ണൂർ: ചെറുപുഴയിൽ എട്ടുവയസുകാരിയെ അതിക്രൂരമായി മർദ്ദിച്ച പിതാവിനെ കസ്‌റ്റയിലെടുത്ത് പോലീസ്. കാസർഗോഡ് ചിറ്റാരിക്കൽ സ്വദേശി മാമച്ചൻ എന്ന ജോസിനെയാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ജോസിനെതിരെ കേസെടുക്കാൻ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാൾ ഐപിഎസ് ചെറുപുഴ പോലീസിന് നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് നടപടി.
മകളെ പിതാവ് ക്രൂരമായി മർദ്ദിക്കുകയും അരിവാളിന് വെട്ടാനൊരുങ്ങുകയും ചെയ്യുന്ന വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വീഡിയോ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കേസെടുക്കാതിരുന്ന പോലീസ് നടപടിക്കെതിരെയും വിമർശനം ഉയർന്നിരുന്നു. കുട്ടിയുടെ വീട്ടിലേക്ക് അടിയന്തിരമായി എത്താൻ ചൈൽഡ് ലൈൻ പ്രവർത്തകരോട് ബാലാവകാശ കമ്മീഷൻ നിർദ്ദേശം നൽകിയിരുന്നു.
സംഭവത്തിൽ ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ കെവി മനോജ് പോലീസിൽ നിന്നും റിപ്പോർട് തേടിയിട്ടുണ്ട്. കണ്ണൂരിലെ ചെറുപുഴയിൽ വാടക വീടെടുത്ത് താമസിച്ചുവരികയാണ് ജോസ്. അതിനിടെ, നടുക്കുന്ന ദൃശ്യത്തെപ്പറ്റി അന്വേഷിച്ചപ്പോൾ പ്രാങ്ക് വീഡിയോ ആണെന്ന് കുട്ടികൾ മൊഴി നൽകിയെന്നാണ് പോലീസ് പറയുന്നത്. കുട്ടിയുടെ അച്ഛനും അമ്മയും അകന്ന് കഴിയുകയാണ്. അമ്മ തിരിച്ചുവരാനായി പ്രാങ്ക് വീഡിയോ എടുത്തതാണെന്നാണ് കുട്ടിയുടെ മൊഴി. എന്നാൽ, ഇത് പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.
Most Read| ലോകത്തിലെ ഏറ്റവും വലിയ വായ; ലോക റെക്കോർഡ് നേടി മേരി പേൾ