ഇസ്ലാമാബാദ്: പാക്കിസ്ഥാൻ സർക്കാരിനെയും സൈന്യത്തെയും വിമർശിച്ച് പാക്ക് മതനേതാവ് തന്നെ രംഗത്ത്. വർധിച്ചുവരുന്ന ഭീകരവാദ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സർക്കാരിനെ വിമർശിച്ചാണ് മതനേതാവിന്റെ പരാമർശം. ജാമിയത്ത് ഉലമ-ഇ-ഇസ്ലാം മേധാവി മൗലാന ഫസ്ലുർ റഹ്മാനാണ് വിമർശനവുമായി രംഗത്തെത്തിയത്.
അഫ്ഗാനിസ്ഥാനിൽ നിന്ന് ഒരു മാതളനാരങ്ങായ്ക്കോ വത്തക്കയ്ക്കോ പോലും പാക്കിസ്ഥാനിലേക്ക് കടക്കാൻ സാധിക്കില്ലെന്നും എന്നാൽ, ഭീകരവാദികൾ നേരിട്ട് രാജ്യത്തേക്ക് കടക്കുകയാണെന്നും റഹ്മാൻ പറഞ്ഞു. റാവൽപിണ്ടിയിലെ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
”വ്യത്യസ്തമായ ആളുകൾ അഫ്ഗാനിസ്ഥാനിൽ ഭരണത്തിൽ വന്നു. കമ്യൂണിസ്റ്റ് സർക്കാർ വന്നു, ഇസ്ലാമിസ്റ്റ് നേതൃത്വത്തിലുള്ള ഭരണം വന്നു, താലിബാന്റെ ഭരണം വന്നു, അതുപോലെ പാക്കിസ്ഥാൻ അനുകൂലികളായവരും അധികാരത്തിൽ എത്തി.
കഴിഞ്ഞ 78 വർഷമായി പാക്കിസ്ഥാന്റെ അഫ്ഗാൻ നയം എന്തുകൊണ്ട് പരാജയപ്പെടുന്നു. അഫ്ഗാനിസ്ഥാനിൽ നിന്ന് ഭീകരവാദികൾ പാക്കിസ്ഥാനിലേക്ക് വരുന്നുവെന്ന് അധികൃതർ പറയുന്നുണ്ട്. അവർ വരുന്നുണ്ടെങ്കിൽ അവരെ തടയുക, ഇല്ലാതാക്കുക. അഫ്ഗാൻ സർക്കാർ നിങ്ങളുടെ നീക്കങ്ങളെ ഒരിക്കലും എതിർത്തിട്ടില്ല.
പാക്കിസ്ഥാന്റെ വിശാലമായ വിദേശനയം സമ്പൂർണ പരാജയമായി. ഈ നയതന്ത്രം രാജ്യത്തിന് വിനാശകരമാണെന്ന് തെളിഞ്ഞു. നമ്മൾ ഇന്ത്യയുമായി യുദ്ധം ചെയ്യുന്നു. അഫ്ഗാനിസ്ഥാനുമായി ഞങ്ങൾക്ക് പിരിമുറുക്കമുണ്ട്. ചൈന അസ്വസ്ഥരാണ്. ഇറാനും അങ്ങനെ തന്നെ”- റഹ്മാൻ കൂട്ടിച്ചേർത്തു.
Most Read| വാട്സ് ആപ്, ഇൻസ്റ്റഗ്രാം ആപ്പുകളിലെ എഐ ചാറ്റ് ഫീച്ചറുകൾ; കുട്ടികൾക്ക് നിയന്ത്രണം






































