
വാഷിങ്ടൻ: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്‌തനും, ട്രംപ് അനുകൂല മാദ്ധ്യമ പ്രവർത്തകനുമായ ചാർലി കിർക്ക് (31) വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഫെഡറൽ ഇൻവെസ്‌റ്റിഗേഷൻ (എഫ്ബിഐ). ഒരുലക്ഷം ഡോളറാണ് പാരിതോഷികം.
പ്രതിയെന്ന് സംശയിക്കുന്നയാളുടെ കൂടുതൽ ചിത്രങ്ങളും വീഡിയോകളും എഫ്ബിഐ പുറത്തുവിട്ടിട്ടുണ്ട്. ബേസ് ബോൾ തൊപ്പിയും സൺ ഗ്ളാസും അമേരിക്കൻ പതാകയുടെ ചിത്രം പതിച്ച കടുംനിറത്തിലുള്ള ടീഷർട്ടും ധരിച്ച ചെറുപ്പക്കാരന്റെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. കോളേജ് വിദ്യാർഥിയുടെ പ്രായം മാത്രമേ പ്രതിക്ക് ഉണ്ടാകൂവെന്നാണ് നിഗമനം.
യൂട്ടാ സർവകലാശാലയിലെ കെട്ടിടത്തിന് മുകളിലൂടെ ഓടുന്ന പ്രതിയുടെ വീഡിയോയും എഫ്ബിഐ പങ്കുവെച്ചു. വ്യാഴാഴ്‌ചയാണ് യൂട്ടവാലി സർവകലാശാലയിൽ നടന്ന ചടങ്ങിനിടെ ചാർലി കിർക്കിന് വെടിയേറ്റത്. സർവകലാശാലയിൽ നടന്ന ചടങ്ങിൽ കൂട്ട വെടിവയ്‌പ്പിനെ കുറിച്ചുള്ള ഒരു വിദ്യാർഥിയുടെ ചോദ്യത്തിന് മറുപടി പറയവെയാണ് വെടിവയ്‌പ്പ് നടന്നതെന്നാണ് റിപ്പോർട്ടുകൾ.
സംഭവത്തിന് തൊട്ടുപിന്നാലെ സമീപത്തെ കെട്ടിടത്തിന് മുകളിൽ ഇടതു മൂലയിൽ നിന്ന് വലത്തേക്ക് പ്രതിയെന്ന് സംശയിക്കുന്ന വ്യക്‌തി ഓടിപോകുന്നത് സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. തുടർന്ന് ഇയാൾ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടുകയും ഓടി രക്ഷപ്പെടുകയും ചെയ്യുന്നുണ്ട്. ഇയാൾ ഓടിപ്പോയ വഴിയിൽ നിന്ന് ഉപേക്ഷിച്ച നിലയിൽ അക്രമിയുടെ തോക്ക് പോലീസിന് ലഭിച്ചിട്ടുണ്ട്.
പ്രതിയുടെ ഇടതു കൈപ്പത്തിയുടെയും ഷൂസിന്റെയും അടയാളങ്ങൾ കെട്ടിടത്തിൽ പതിഞ്ഞിട്ടുണ്ട്. ഇതിൽ നിന്ന് പ്രതിയുടെ ഡിഎൻഎ തെളിവുകൾ ശേഖരിക്കുമെന്ന് യൂട്ടാ പൊതുസുരക്ഷാ വിഭാഗം കമ്മീഷണർ ബ്യൂ മേസൺ പറഞ്ഞു. യുവജന സംഘടനയായ ടേണിങ് പോയിന്റ് യുഎസ്എയുടെ സിഇഒയും സഹസ്‌ഥാപകനും ആയിരുന്നു കിർക്ക്.
Most Read| നിന്നനിൽപ്പിൽ അപ്രത്യക്ഷമാകും, ഉടൻ പ്രത്യക്ഷപ്പെടും; അത്‌ഭുത തടാകം