ന്യൂഡെൽഹി: രാജ്യത്ത് പെൺഭ്രൂണഹത്യ നടത്തുന്ന സംഘം പിടിയിൽ. ഒഡീഷയിലെ ബെർഹാംപൂരിൽ നിന്നാണ് സംഘം പിടിയിലായത്. സംഘത്തിൽ 13 പേരാണ് ഉൾപ്പെടുന്നത്. ഇവർ അന്തർസംസ്ഥാന അൾട്രാസൗണ്ട് റാക്കറ്റ് സംഘത്തിലെ അംഗങ്ങളാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
പിടിയിലായ സംഘത്തിന്റെ പക്കൽ നിന്നും രണ്ട് അൾട്രാസൗണ്ട് മെഷീനുകളും 18,200 രൂപയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. 2005ൽ രാജ്യം നിരോധിച്ച പോർട്ടബിൾ അൾട്രാസൗണ്ട് യന്ത്രവും ഇവിടെ നിന്നും കണ്ടെടുത്തു. ഒരു വീട്ടിൽ തന്നെ സജ്ജീകരിച്ച ക്ളിനിക്കിലാണ് പെൺഭ്രൂണഹത്യയുടെ പ്രവർത്തനം ഇവർ നടത്തിവന്നിരുന്നത്. ഇവിടെ 11 ഗർഭിണികൾ ഉണ്ടായിരുന്നതായും പോലീസ് അറിയിച്ചു.
ക്ളിനിക് പ്രവർത്തിച്ചിരുന്ന വീടിന്റെ ഉടമ അടക്കമുള്ള പ്രതികളെ നിലവിൽ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കഴിഞ്ഞ 2-3 വർഷമായി ഈ ക്ളിനിക് ഇവിടെ പ്രവർത്തിച്ചിരുന്നതായും, പെൺഭ്രൂണഹത്യക്കായി എത്തുന്ന ആളുകളിൽ നിന്നും 7,000 മുതൽ 15,000 രൂപ വരെ ഈടാക്കിയിരുന്നതായും പോലീസ് വ്യക്തമാക്കി. കൂടാതെ ലാബ്-ആശുപത്രി അധികൃതരുമായും ഇവർക്ക് ബന്ധമുള്ളതായി സംശയമുണ്ടെന്ന് പോലീസ് അറിയിച്ചു.
Read also: സംസ്ഥാനത്ത് ‘ഡെസ്റ്റിനേഷൻ ചലഞ്ചി’ന് അടുത്തമാസം തുടക്കമാവും



































