തൃശൂർ: പ്രശസ്ത ചലച്ചിത്ര സംവിധായകനും നിര്‍മാതാവുമായ ആന്റണി ഈസ്റ്റ്മാന് (75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂരില്‍ വെച്ചാണ് മരണം. സംസ്കാരം പിന്നീട്. രചയിതാവ്, സ്റ്റില്‍ ഫൊട്ടോഗ്രാഫര്‍ എന്നീ നിലകളിലും ശ്രദ്ധ നേടിയിരുന്ന ഇദ്ദേഹത്തെ കഴിഞ്ഞ ദിവസമാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മലയാള ചലച്ചിത്ര രംഗത്ത് ഒരു കാലഘട്ടത്തിൽ സജീവ സാന്നിധ്യമായിരുന്നു ഇദ്ദേഹം. സിനിമാലോകത്ത് പ്രശസ്തരായി തീർന്ന സിൽക്ക് സ്മിത, സംഗീത സംവിധായകൻ ജോൺസൺ തുടങ്ങി ഒട്ടേറെപ്പേർ അരങ്ങേറ്റം കുറിച്ച ‘ഇണയെത്തേടി’ ആയിരുന്നു ആദ്യം സംവിധാനം ചെയ്ത ചിത്രം. തുടർന്ന് ‘വർണ്ണത്തേര്’, ‘മൃദുല’, ‘ഐസ്ക്രീം’, ‘അമ്പട ഞാനേ’, ‘വയൽ’ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. ഇതില്‍ ശങ്കര്‍, മേനക, നെടുമുടി വേണു, തിലകന് തുടങ്ങി വലിയ താരനിര അണിനിരന്ന ‘അമ്പട ഞാനേ’ ആയിരുന്നു ശ്രദ്ധേയ ചിത്രം. ‘രചന’, ‘ഈ തണലില്‍ ഇത്തിരി നേരം’, ‘തസ്കരവീരന്’ തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയതും ഇദ്ദേഹമാണ്.
‘പാർവ്വതീപരിണയം’ എന്ന ചിത്രത്തിന്റെ നിർമാതാവായ ആന്റണി ഈസ്റ്റ്മാന് ‘ഗീതം’, ‘രാരീരം’, ‘തമ്മിൽ തമ്മിൽ’, ‘രചന’, ‘രക്തമില്ലാത്ത മനുഷ്യൻ’, ‘സീമന്തിനി’, ‘അവൾ വിശ്വസ്തയായിരുന്നു’, ‘ഈ മനോഹര തീരം’, ‘വീട് ഒരു സ്വർഗം’, ‘മണിമുഴക്കം’ എന്നീ ചിത്രങ്ങളുടെ നിശ്ചല ഛായാഗ്രഹണവും നിർവഹിച്ചു.
തൃശൂർ ജില്ലയിലെ കുന്നംകുളം ചൊവ്വന്നൂരിൽ മുരിങ്ങാത്തേരി കുരിയാക്കോസിന്റെയും മാർത്തയുടെയും മകനായി 1946 ഓഗസ്റ്റ് 26നാണ് ജനനം. അറുപതുകളുടെ മധ്യത്തോടെ ഫൊട്ടോഗ്രാഫറായി ജീവിതം ആരംഭിച്ച ആന്റണി പിന്നീട് എറണാകുളത്തേക്കു മാറുകയും ‘ഈസ്റ്റ്മാൻ’ എന്ന പേരിൽ ഒരു സ്റ്റുഡിയോ ആരംഭിക്കുകയും ചെയ്തു. ഇതിനുശേഷമാണ് ‘ആന്റണി ഈസ്റ്റ്മാൻ’ എന്നറിയപ്പെടാൻ തുടങ്ങിയത്.
Most Read: ‘കിറ്റെക്സിന്റെ കേരളത്തിലെ പിന്‍വാങ്ങലിന് മുഖ്യമന്ത്രി മറുപടി പറയണം’; കെ സുരേന്ദ്രന്





































